തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ അവസാന സഭാസമ്മേളനം ആരംഭിച്ചു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിയിൽ കേന്ദ്രം വരുത്തിയ ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്‍റെ അധികാരത്തിൽ കേന്ദ്രം കൈകടത്തുകയാണ്, കേന്ദ്രനടപടികൾ കേരളത്തിന്റെ ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രവിഹിതത്തിൽ ഗണ്യമായ രീതിയിൽ കുറവുണ്ടായി. കേന്ദ്രവിഹിതം കുറക്കുന്നത് കേരളത്തെ സമ്മർദത്തിലാക്കുകയാണ്. പദ്ധതിയിൽ കേന്ദ്രവിഹിതം നൂറിൽനിന്ന് 60 ശതമാനമായി കുറച്ചു. പഴയ പദ്ധതി തന്നെ തുടരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ജി.എസ്.ടി വിഹിതത്തിൽ വലിയ കുറവ് ഉണ്ടായി. വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽനിന്നും ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. അവസാനപാദത്തിൽ വായ്പ പകുതിയായി കുറച്ചു. പൊതുവിപണി വായ്പയിൽ 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈ കടത്തുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
'ആരോഗ്യ ജാഗ്രതാ കലണ്ടര്‍ സംസ്ഥാനത്ത് കൊണ്ടുവരും. 4500 കോടി രൂപ ഇതുവരെ കാരുണ്യക്കായി ചെലവഴിച്ചുകഴിഞ്ഞു. ആശമാരുടെ വേതനം 7000ത്തില്‍ നിന്ന് 8000ആയി ഉയർത്തി. കേരളത്തിന്റെ തനത് വരുമാനം വർദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ ക്രമ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. '. ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണനയെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ധൂർത്താണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന വാദം നയപ്രഖ്യാപനം തള്ളുകയാണെന്നും ഗവർണർ പറഞ്ഞു.
തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തുന്നത്. രാവിലെ ഒമ്പതോടെ സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൊക്കെ നൽകി ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.