മലപ്പുറം: മതനിരപേക്ഷത കൊണ്ടുനടക്കുന്ന ഒരു പാർട്ടി ഫാഷിസത്തെ ഇങ്ങനെ നോർമലൈസ് ചെയ്താൽ അതിന്റെ ഫലം ആ പാർട്ടിയുടെ വളർച്ചയാകില്ല, സമ്പൂർണമായ തകർച്ചയായിരിക്കുമെന്ന് സി.പി.എമ്മിനെ ഓർമിപ്പിച്ച് മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവരുടെ വർഗീയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന മുസ്‌ലിംലീഗിനെ വംശഹത്യക്ക് വേണ്ടി ദാഹിക്കുന്ന ഫാഷിസവുമായി സമീകരിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണെന്ന് കെ.പി.എ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇത് സി.പി.എമ്മിന്റെ നിലനിൽപ്പിന് വേണ്ടിയാണെന്നും അധികാരം നിലനിർത്താനുള്ള എഞ്ചിനീയറിങ് ആണെന്നും തെറ്റിദ്ധരിച്ച കുറെ ആളുകളുണ്ട്.
അവരോട് പറയുകയാണ്, ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന ഏർപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയേക്കാൾ ഭംഗിയായി വർഗീയത പറയുന്നത് നിർത്തുന്ന അന്ന് നിങ്ങളുടെ കൂടെയുള്ളവരെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നും പരിതാപകരമാണ് സി.പി.എമ്മിന്റെ സ്ഥിതിയെന്നും നാശത്തിലേക്കാണ് നിങ്ങളുടെ പോക്കെന്നും കെ.പി.എ മജീദ് കുറിച്ചു.
"ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്ന, വംശഹത്യക്ക് വേണ്ടി ദാഹിക്കുന്ന, വിദ്വേഷം മുദ്രാവാക്യമായ ഫാഷിസവുമായി ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന മുസ്‌ലിംലീഗിനെ സമീകരിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് ഇപ്പോൾ സി.പി.എം നേതാക്കൾ പയറ്റിക്കൊണ്ടിരിക്കുന്നത്.
ഇത് സി.പി.എമ്മിന്റെ നിലനിൽപ്പിന് വേണ്ടിയാണെന്നും അധികാരം നിലനിർത്താനുള്ള എഞ്ചിനീയറിങ് ആണെന്നും തെറ്റിദ്ധരിച്ച കുറെ ആളുകളുണ്ട്. അവരോട് പറയുകയാണ്. ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന ഏർപ്പാടാണ്.
മുദ്രാവാക്യത്തിലെങ്കിലും മതനിരപേക്ഷത കൊണ്ടുനടക്കുന്ന ഒരു പാർട്ടി ഫാഷിസത്തെ ഇങ്ങനെ നോർമലൈസ് ചെയ്താൽ അതിന്റെ ഫലം ആ പാർട്ടിയുടെ വളർച്ചയാകില്ല, സമ്പൂർണ്ണമായ തകർച്ചയായിരിക്കും എന്ന തിരിച്ചറിവ് എന്റെ സി.പി.എമ്മുകാരായ സുഹൃത്തുക്കൾക്ക് ഇല്ലാതെ പോയോ എന്ന് സംശയിക്കുകയാണ്.
ബി.ജെ.പിയേക്കാൾ ഭംഗിയായി വർഗീയത പറയുന്നത് നിർത്തുന്ന അന്ന് നിങ്ങളുടെ കൂടെയുള്ളവരെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറും. പരിതാപകരമാണ് സി.പി.എമ്മിന്റെ സ്ഥിതി. നാശത്തിലേക്കാണ് നിങ്ങളുടെ പോക്ക്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.