കോട്ടയം: കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പരിപാവനമായ പമ്പാ നദി മലിനമായാണ് ഒഴുകുന്നതെന്നും കേന്ദ്ര സർക്കാർ എന്ത് ചെയ്തുവെന്നും ജി. സുകുമാരൻ നായർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ശബരിമലയിൽ തെറ്റ് ചെയ്തവൻ അനുഭവിക്കുമെന്നും അവന്‍റെ കുടുംബം വെളുപ്പിച്ചേ മാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഇതൊന്നും ബാധിക്കില്ല. കാരണം, ഞങ്ങളുടെ വിശ്വാസം ഇതെല്ലാം നിയന്ത്രിക്കുന്നത് അവിടെ ഇരിക്കുന്ന ഭഗവാൻ തന്നെയാണ്, കള്ളനെ പിടിക്കുന്നതെല്ലാം... -അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് കേസിന് പോയപ്പോൾ ബി.ജെ.പിക്കാര് ഓടിക്കളഞ്ഞു. ഞങ്ങൾ ചോദിച്ചു, നിങ്ങൾ കേന്ദ്രം ഭരിക്കുകയല്ലേ, നിങ്ങൾ വിചാരിച്ചാൽ നിയമഭേദഗതി കൊണ്ടുവന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കരുതോ? ഞങ്ങൾ അത് ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എന്നിട്ട് ചെയ്തില്ല. അവിടെ വിമാനം ഇറക്കുമെന്നും തീവണ്ടി ഇറക്കുമെന്നും പറഞ്ഞു. എവിടെ തീവണ്ടിയും വിമാനവുമൊക്കെ? വടക്കേ ഇന്ത്യയിലെ നദികളൊക്കെ ശുദ്ധിയാക്കി. പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയല്ലേ ഒഴുകുന്നത്... അതിൽ മുങ്ങിയല്ലേ അയ്യപ്പന്മാർ പോകുന്നത്? പത്തര വർഷം ആയല്ലോ കേന്ദ്ര ഭരിച്ചിട്ട്, എന്ത് ചെയ്തു? ഇവർ ശ്രമം നടത്തുന്നുണ്ടെങ്കിൽ നമ്മൾ സഹകരിച്ചേക്കാം -അദ്ദേഹം വ്യക്തമാക്കി.
ചെങ്ങന്നൂരിൽനിന്ന് പമ്പയിലേക്ക് റെയിൽവേ ലൈൻ വരുന്നു എന്ന് പറയുന്നത് ഓരോരുത്തരുടെ വീട്ടിലേക്കായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഇതൊന്നും നടന്നില്ലല്ലോ. അവർക്കിപ്പോൾ സർവാധികാരമില്ലേ? എന്താ ചെയ്യാഞ്ഞത്? ഹിന്ദുവിന്‍റെ കുത്തക ഞങ്ങൾക്കാണെന്ന് പറയുന്നു, എന്ത് ചെയ്തു ശബരിമലക്ക് വേണ്ടി...? -അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.