കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സി.പി.എമ്മിന് യോജിപ്പില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സി.പി.എമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വര്‍ഗീയ വിരുദ്ധതയാണ് സി.പി.എമ്മിന്‍റെ മുഖമുദ്ര. ഇന്ത്യയിൽ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് സി.പി.എമ്മാണ്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് വര്‍ഗീയ ശക്തികളുമായി ചേരുന്നവരാണെന്നും അവരാണിപ്പോള്‍ സി.പി.എമ്മിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സി.പി.എം. സി.പി.എമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ജമാഅത്ത് ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ലാത്ത വി. ഡി സതീശനാണ് ഇപ്പോൾ സി.പി.എമ്മിനെതിരെ തിരിയുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സവർക്കറുടെ ഫോട്ടോക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് വി.ഡി സതീശൻ. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടാണ് സിപിഎമ്മിന്‍റേത്. വര്‍ഗീയ വിരുദ്ധമല്ലാത്ത ഭാഷയിൽ ആര് പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.