'ഇതാണ് യാഥാർഥ മലപ്പുറം സ്റ്റോറി, സജി ചെറിയാൻമാർ കാണേണ്ട കാഴ്ച'; പൊന്നാനി കണ്ടകുറുമ്പക്കാവിലെ മാനവസൗഹൃദസമ്മേളനം ഓർമിപ്പിച്ച് സന്ദീപ് വാര്യർ

പൊന്നാനി: എം.പി. ഗംഗാധരൻ ഫൗണ്ടേഷൻ ശബരിമല തീർഥാടകർക്കായി പൊന്നാനിയിൽ ഒരുക്കിയ ഇടത്താവളം ചൂണ്ടിക്കാണിച്ച് ഇതാണ് യഥാർഥ 'മലപ്പുറം സ്റ്റോറി'യെന്ന് മന്ത്രി സജി ചെറിയാനെ ഓർമിപ്പിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പൊന്നാനിയിൽ കണ്ടകുറുമ്പക്കാവിൽ ഒരുക്കിയ ഇടത്താവളത്തിനു സമാപനംകുറിച്ച്‌ നടന്ന മാനവസൗഹൃദസമ്മേളനം കഴിഞ്ഞ ദിവസം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രിയ സുഹൃത്ത് കെ.പി നൗഷാദ് അലിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി പൊന്നാനിയിൽ ഒരുക്കിയ ശബരിമല ഇടത്താവളം നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയാണെന്നും മുക്കാൽ ലക്ഷത്തോളം അയ്യപ്പഭക്തർക്ക് സേവനമെത്തിച്ച ഈ മഹത്തായ സംരംഭത്തിന്റെ സമാപന ചടങ്ങിൽ തുടർച്ചയായ രണ്ടാം വർഷവും പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. എം.പി. ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാനാണ് കെ.പി. നൗഷാദ് അലി.

സജി ചെറിയാന്റെ വർഗീയ വിഷം കലർന്ന പ്രസ്താവന കേരളം ചർച്ച ചെയ്യുന്ന ഈ സമയത്ത്, പൊന്നാനിയിൽ നിന്ന് വരുന്നത് തികച്ചും വിഭിന്നമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വാർത്തകളാണെന്നും സന്ദീപ് പറയുന്നു.

അധികാര കസേരക്ക് വേണ്ടി വർഗീയത പ്രസംഗിക്കുന്നവരല്ല മതവിശ്വാസികളെ ആദരവോടെ ചേർത്തുപിടിക്കുന്നവരാണ് ഞങ്ങളുടെ നാടിന്റെ അഭിമാനമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. എം.എൻ. കാരശ്ശേരി, യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി നീലമന ദാമോദരൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി തിരുമലശ്ശേരി നാരായണരാജ, ഹുസൈൻ മടവൂർ, വി.ടി. ബൽറാം, സിദ്ദീഖ് മൗലവി, രാഹുൽ ഈശ്വർ തുടങ്ങിയ വലിയൊരുനിര മാനവസൗഹൃദസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

"ഇതാണ് യഥാർത്ഥ 'മലപ്പുറം സ്റ്റോറി'; സജി ചെറിയാൻമാർ കാണേണ്ട കാഴ്ച. ​സജി ചെറിയാന്റെ വർഗീയ വിഷം കലർന്ന പ്രസ്താവന കേരളം ചർച്ച ചെയ്യുന്ന ഈ സമയത്ത്, പൊന്നാനിയിൽ നിന്ന് വരുന്നത് തികച്ചും വിഭിന്നമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വാർത്തകളാണ്. ഇതാണ് യഥാർത്ഥ 'മലപ്പുറം സ്റ്റോറി'.

​കെ.പി.സി.സി ജനറൽ സെക്രട്ടറി, എന്റെ പ്രിയ സുഹൃത്ത് കെ.പി നൗഷാദ് അലിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി പൊന്നാനിയിൽ ഒരുക്കിയ ശബരിമല ഇടത്താവളം നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയാണ്. മുക്കാൽ ലക്ഷത്തോളം അയ്യപ്പഭക്തർക്ക് സേവനമെത്തിച്ച ഈ മഹത്തായ സംരംഭത്തിന്റെ സമാപന ചടങ്ങിൽ തുടർച്ചയായ രണ്ടാം വർഷവും പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.

​ബഹുമാനപ്പെട്ട പ്രതിപക്ഷ ഉപനേതാവ് ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ മത-സാമുദായിക നേതാക്കളും സാംസ്കാരിക പ്രമുഖരും ഒരേ വേദിയിൽ അണിനിരന്നു. മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുന്ന സജി ചെറിയാനെപ്പോലെയുള്ളവർ കാണേണ്ട കാഴ്ചയാണിത്.

അധികാര കസേരയ്ക്ക് വേണ്ടി വർഗീയത പ്രസംഗിക്കുന്നവരല്ല, മറിച്ച് മതവിശ്വാസികളെ ആദരവോടെ ചേർത്തുപിടിക്കുന്നവരാണ് ഞങ്ങളുടെ നാടിന്റെ അഭിമാനം.

​ഈ ചടങ്ങിനിടെ കുഞ്ഞാലിക്കുട്ടി സാഹിബിനെ യാത്രയാക്കാൻ ഞാൻ ഒപ്പം പോയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘി-സൈബർ വിദ്വേഷ പ്രചാരകർക്ക് ഇതൊരു 'ആശയദാരിദ്ര്യം' മാത്രമാണ്. എന്റെ മുന്നണിയുടെ സമുന്നതനായ നേതാവാണ് അദ്ദേഹം. ഒരു ക്ഷേത്രമുറ്റത്ത് ഒത്തുചേർന്ന ശേഷം മടങ്ങിപ്പോകുന്ന മുതിർന്നൊരു നേതാവിനെ യാത്രയാക്കുക എന്നത് സാമാന്യ മര്യാദയും രാഷ്ട്രീയ സംസ്കാരവുമാണ്.

​അപ്പുറത്ത് വർഗീയത വിളമ്പുന്ന സി.പി.എമ്മും ഇപ്പുറത്ത് അത് എഡിറ്റ് ചെയ്ത് വിദ്വേഷം പടർത്തുന്ന സംഘപരിവാറും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഈ വിദ്വേഷ പ്രചാരകർക്കിടയിലൂടെ ഞങ്ങൾ സ്നേഹത്തിന്റെയും ഒരുമയുടെയും പാതയിൽ തന്നെ മുന്നോട്ട് പോകും. ​സൗഹൃദം ജയിക്കട്ടെ, വിദ്വേഷം തോൽക്കട്ടെ" 

വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു -സജി ചെറിയാൻ

കൊല്ലം: വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താൻ പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാർത്തയായതെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ ത​ന്റെ നിലപാട് അദ്ദേഹം തിരുത്തിയില്ല. മുസ്‍ലിം ലീഗിന്റെ വിജയം വർഗീയ ശക്തികളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് മ​ന്ത്രി പ്രതികരിച്ചത്. കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുവിന്റെ വെങ്കല പ്രതിമ അനാവരണ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നുവെന്ന പേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്ന സമീപനങ്ങളാണ് ചിലയിടങ്ങളിൽ സ്വീകരിക്കപ്പെടുന്നതെന്നും, അതുവഴി വർഗീയതയോട് സമരസപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്തരം പ്രവണതകളെയാണ് താൻ എതിർക്കുന്നത്. 39 അംഗങ്ങളുള്ള കാസർകോട് മുനിസിപ്പാലിറ്റിയിൽ മതനിരപേക്ഷ നിലപാട് സ്വീകരിച്ച സി.പി.എമ്മിന് ഒരു സീറ്റും കോൺഗ്രസിന് രണ്ട്​ സീറ്റുമാണ് ലഭിച്ചത്. വർഗീയത തുറന്നുപറഞ്ഞ ബി.ജെ.പിക്ക് 12 സീറ്റും മുസ്‌ലീം ലീഗിന് 22 സീറ്റും ലഭിച്ചു. താൻ പറഞ്ഞത് അവരുടെ പേരുകൾ വായിക്കാൻ മാത്രമാണ്. ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുതെന്ന് ആഗ്രഹിച്ചു. ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകളിൽ 25 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളുടേതാണ്. എന്നാൽ അവരിൽ നിന്ന് ജനപ്രതിനിധി ഉണ്ടാകുന്നില്ലെന്നതാണ് താൻ ഉന്നയിച്ച വിഷയം.

ആർ.എസ്.എസ് വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പമാണ് മുഖ്യമന്ത്രിയും സർക്കാറും നിന്നത്. എൽ.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടായിട്ടില്ല. വർഗീയതയെ ചെറുക്കാൻ മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കാ​സ​ർ​കോ​ട്ടും മ​ല​പ്പു​റ​ത്തും വി​ജ​യി​ച്ച​വ​രു​ടെ പേ​രു​ക​ൾ നോ​ക്കി​യാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടോ​യെ​ന്ന് കാ​ണാ​മെ​ന്നായിരുന്നു സജി ചെ​റി​യാ​ൻ ആ​ല​പ്പു​ഴയിൽ നടത്തിയ പരാമർശം.

Tags:    
News Summary - Sandeep varier criticizes Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.