ജനവാസ മേഖലകളിലെ വന്യജീവി ആക്രമണം: വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹൈകോടതി

കൊച്ചി: വനമേഖലയോട് ചേർന്ന ജനവാസ മേഖലകളിലെ വന്യജീവി ആക്രമണം സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹൈകോടതി. വനമേഖലയോടു ചേർന്ന പഞ്ചായത്തുകളിൽ പ്രശ്നപരിഹാരത്തിന് പ്രാദേശിക ജനപ്രതിനിധികളെയും ജില്ല ഭരണാധികാരികളെയും ഉൾപ്പെടുത്തി ഹൈകോടതി നിർദേശപ്രകാരം രൂപവത്കരിച്ച കർമസേനകൾ നൽകുന്ന വിവരങ്ങളും വിദഗ്ധ സമിതിക്ക് പരിഗണിക്കാം. അരിക്കൊമ്പൻ കേസിലെ അമിക്കസ് ക്യൂറിയെ സമിതി കൺവീനറായി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിയോഗിച്ചു. മറ്റ് അംഗങ്ങൾ ആരൊക്കെയാണെന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ കൺവീനർക്കും അഡീ. അഡ്വക്കറ്റ് ജനറലിനും നിർദേശം നൽകി.

വന്യജീവികളും മനുഷ്യരും തമ്മിൽ ഏറ്റുമുട്ടലുള്ള മേഖലകൾ കണ്ടെത്തൽ, ആക്രമണത്തിനുള്ള കാരണങ്ങളും പരിഹാരവും പഠിച്ചു നിർദേശിക്കൽ, ആനത്താരകൾ പുനഃസ്ഥാപിക്കാൻ ചെയ്യാനാകുന്നതെന്തെന്ന് വിലയിരുത്തൽ, കർമസേനകളുടെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് നൽകൽ, വനം കൈയേറ്റം, അനധികൃത നിർമാണം തുടങ്ങിയവ പഠിച്ച് റിപ്പോർട്ട് നൽകൽ തുടങ്ങിയ ചുമതലകളാണ് വിദഗ്ധ സമിതിക്കുള്ളത്. മേയ് 17ന് ഹരജി പരിഗണിക്കുമ്പോൾ സമിതി പരിശോധന റിപ്പോർട്ട് സമർപ്പിക്കണം. ചിന്നക്കനാൽ മേഖലയിൽനിന്ന് അരിക്കൊമ്പനെന്ന കാട്ടാനയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതി പരിഗണിച്ചത്.

വനമേഖലയിൽ മാലിന്യം തള്ളുന്നത് വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമാണെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, ഇതിനെതിരെ നടപടിക്കും നിർദേശിച്ചു. കേസെടുക്കാൻ നിർദേശിച്ചതായി ഇടുക്കി ജില്ല പൊലീസ് മേധാവി അറിയിച്ചു. വനമേഖലയിൽ സഞ്ചാരികളെ ആകർഷിക്കാൻ അനധികൃതമായി ഷെഡുകൾ നിർമിക്കുന്നുണ്ടെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റിയും റിപ്പോർട്ട് നൽകി.

ഒന്നിച്ചുനിന്ന് പ്രവർത്തിക്കുന്നതിന് പകരം പരസ്പരം ചളിവാരിയെറിയുകയല്ല വേണ്ടതെന്ന് കർമസേന തീരുമാനങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് തനിക്കു ലഭിച്ചില്ലെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയിൽ കോടതി പ്രതികരിച്ചു. അരിക്കൊമ്പൻ കേസിൽ ജഡ്‌ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമുണ്ടായെന്ന് വനം വകുപ്പിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ അതൊക്കെ അവഗണിക്കാമെന്നും കോടതിയുടെ ഇടപെടലിനെ തുടർന്ന് കൂടുതൽ ആളുകൾ മൃഗസ്നേഹികളായെന്നും ഡിവിഷൻ ബെഞ്ച് പ്രതികരിച്ചു.

Tags:    
News Summary - Wildlife attack in residential areas: High Court to appoint expert committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.