കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാന് എ ഗ്രേഡ് മണ്ഡലം ഉൾപ്പെടെ 40 സീറ്റുകൾ ബി.ജെ.പിയോട് ആവശ്യപ്പെടാൻ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച ബി.ഡി.ജെ.എസിന്‍റെകൂടി പിന്തുണ കൊണ്ടാണെന്നും പാർട്ടിക്ക് സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ഉൾപ്പെടെ ജില്ലകളിലെ മുന്നേറ്റം അവർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ വരുന്ന തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 40 സീറ്റുകളിൽ മത്സരിക്കാനുള്ള യോഗ്യത പാർട്ടിക്കുണ്ട്. പത്ത് വർഷത്തിലേറെയായി ബി.ജെ.പിക്കൊപ്പം നിൽക്കുന്ന ബി.ഡി.ജെ.എസിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു മുതിർന്ന നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, 40 സീറ്റെന്ന ബി.ഡി.ജെ.എസ് ആവശ്യത്തോട് ബി.ജെ.പി നേതൃത്വം എന്ത് നിലപാടെടുക്കുമെന്നതും പ്രധാനമാണ്. 2016ൽ 30 സീറ്റിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. അതിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എക്ക് കിട്ടിയ വോട്ടുവിഹിതത്തിന്റെ പ്രധാന പങ്ക് ബി.ഡി.ജെ.എസിന്റെ സംഭാവനയാണെന്നാണ് പാർട്ടിയുടെ അവകാശവാദം. അതിനാൽ ഇത്രയും സീറ്റിൽ മത്സരിക്കാൻ ബി.ഡി.ജെ.എസിന് അർഹതയുണ്ടെന്നാണ് പാർട്ടി കോർ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ പലയിടങ്ങളിലും ബി.ഡി.ജെ.എസ് പ്രവർത്തനം അത്ര മികച്ചതല്ലെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്.
ബി.ജെ.പിക്കൊപ്പം ഇങ്ങനെ തുടരുന്നതിൽ ബി.ഡി.ജെ.എസിലെ ഒരുവിഭാഗവും അസംതൃപ്തരാണ്. എന്നാൽ, ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുൾപ്പെടെ കേന്ദ്ര നേതാക്കളുമായി തുഷാർ വെള്ളാപ്പള്ളിക്കുള്ള സൗഹൃദമാണ് മുന്നണി വിടുന്നതിൽനിന്നും പാർട്ടിയെ പിന്തിരിപ്പിക്കുന്നത്. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കുൾപ്പെടെ എ ക്ലാസ് മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയുണ്ടെന്നാണ് ബി.ഡി.ജെ.എസ് വിലയിരുത്തൽ. അതിനാൽ എൻ.ഡി.എക്ക് സാധ്യതയുള്ള വട്ടിയൂർക്കാവ്, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തറ, കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങൾ ആവശ്യപ്പെടാനും തീരുമാനിച്ചതായാണ് വിവരം.
എന്നാൽ, ബി.ഡി.ജെ.എസിന് നൽകിയിരുന്ന പല മണ്ഡലങ്ങളും തിരിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പിയെന്നാണ് വിവരം. തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിലോ കോട്ടയത്തോ ഏറ്റുമാനൂരിലോ മത്സരിക്കണമെന്ന ആവശ്യമാണ് ബി.ജെ.പിയിൽ നിന്നുള്ളത്. എന്നാൽ, തുഷാർ ഇത് അംഗീകരിച്ചിട്ടില്ല. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ചർച്ചചെയ്ത് കാര്യങ്ങളിൽ അന്തിമതീരുമാനമുണ്ടാക്കാനാണ് ബി.ഡി.ജെ.എസ് നീക്കം. നിയമസഭ തെരഞ്ഞടുപ്പിലെ സ്ഥാനാർഥികളുടെ കരട് പട്ടിക 21ന് രണ്ടിന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യും. ബി.ജെ.പി 40ഓളം സീറ്റുകളിലെ സ്ഥാനാർഥികളെ ഈമാസം പ്രഖ്യാപിക്കുമെന്നാണ് വിവരം. പിന്നാലെ പാർട്ടിയുടെയും ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.