വിവാഹമോചന നടപടി തുടങ്ങിയാൽ ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യക്ക്​ അവകാശമുണ്ടെന്ന് ഹൈകോടതി

കൊച്ചി: വിവാഹമോചനത്തിന് നടപടി തുടങ്ങിയാൽ ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യക്ക്​ അവകാശമുണ്ടെന്ന് ഹൈകോടതി. അമ്മക്കോ, ഗർഭസ്ഥശിശുവിനോ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ, വിവാഹമോചനം, ഭർത്താവിന്‍റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്​നൻസി ആക്ട് പ്രകാരം നിലവിൽ അനുമതിയുള്ളത്​. നിയമ തടസ്സങ്ങളുള്ളതിനാൽ ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി 23കാരി സമർപ്പിച്ച ഹരജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്​.

ഭർത്താവുമായി വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചെന്നും 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. നിയമപ്രശ്നം വിലയിരുത്തി റിപ്പോർട്ട് നൽകാൻ നിയമിച്ച അഡ്വ. പൂജാ മേനോൻ സമാന കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച അനുകൂല ഉത്തരവ്​ ചൂണ്ടിക്കാട്ടി റിപ്പോർട്ട്​ നൽകി.

ഹരജിക്കാരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ടും പരിഗണിച്ചാണ്​ ഗർഭഛിദ്രത്തിന് സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. ഭർതൃബലാൽക്കാരത്തിന് സമാനമായ അതിക്രമം ഭർത്താവിൽ നിന്നുണ്ടായി എന്നതടക്കമുള്ള ആരോപണമാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ളതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Wife has right to abort pregnancy after 20 weeks after divorce proceedings - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.