തിരുവനന്തപുരം: മുമ്പ് വിവാദമായ ശരീര സൗന്ദര്യ മത്സര താരങ്ങളെ പൊലീസിലെടുക്കാൻ വീണ്ടും വഴിവിട്ട നീക്കം. അതിനായി രഹസ്യ പരീക്ഷ നടത്താൻ നീക്കമെന്ന വിവരമാണ് പുറത്തുവരുന്നത്.
കണ്ണൂർ സ്വദേശികളായ ചിത്തരേഷ് നടേഷൻ, ഷിനു ചൊവ്വ എന്നിവർക്കായി വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. സി.പി.എം ബന്ധമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. തങ്ങൾക്ക് ഒരിക്കൽ കൂടി ശാരീരിക ക്ഷമത പരീക്ഷക്ക് അവസരമൊരുക്കണമെന്ന ആവശ്യവുമായി താരങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. അതിന് പിന്നാലയാണ് രഹസ്യ പരീക്ഷക്ക് ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിവരം.
നേരത്തെ ഇവരുടെ നിയമനത്തിനായി നടത്തിയ ശ്രമങ്ങൾ ഏറെ വിവാദമായിരുന്നു. മുൻ ഡി.ജി.പിയുടെ എതിർപ്പ് മറികടന്നാണ് ഇവരെ എസ്.ഐ തസ്തികയിൽ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.
പൊലീസിലെ സ്പോർട്സ് ക്വാട്ട നിയമനത്തിൽ ഇതുവരെ ശരീര സൗന്ദര്യ മത്സര താരങ്ങളെ എടുത്തിരുന്നില്ല. അതിൽ മാറ്റംവരുത്തിയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായുമാണ് നീക്കം നടന്നത്. അതിനായി കായികക്ഷമത പരീക്ഷയും നടത്തി. എന്നാൽ, പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റു. ചിത്തരേഷ് പങ്കെടുത്തതുമില്ല. സ്പോർട്സ് ക്വാട്ട നിയമനത്തിന് അർഹരായ പലരും പുറത്തുനിൽക്കുമ്പോൾ രാഷ്ട്രീയ താൽപര്യം മാത്രം വെച്ചുള്ള നിയമനനീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.