ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും റെക്കോഡ് ബുക്ക് പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും ഡോ. ലളിതാംബിക മാധ്യമങ്ങളോട് പറഞ്ഞു.
രോഗിക്ക് ഇതിനു മുൻപും ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം പഴയ ശസ്ത്രക്രിയയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു. ഇരുപത് വർഷം മുൻപ് വച്ചതാണോ അതോ ഈ അടുത്ത കാലത്ത് വച്ചതാണോ എന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും. എന്നാൽ വണ്ടാനത്തെ ശസ്ത്രക്രിയയ്ക്കിടെ പഴയ പാടുകളോ മറ്റോ ഉള്ളിൽ കണ്ടിരുന്നില്ലെന്നാണ് വിവരം. വയറ്റിൽ ഉപകരണം കുടുങ്ങി അഞ്ചല്ല, അമ്പതു വർഷം ജീവിച്ചാലും ഒന്നും സംഭവിക്കില്ലെന്നും ഡോക്ടർ പറഞ്ഞു.
ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോയെന്ന വളരെ ചെറിയ സാധനമാണെന്നും ലളിതാംബിക പറഞ്ഞു. 'എക്‌സറേയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണ്. ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളിൽ ഉപകരണങ്ങൾ അവശേഷിക്കാൻ പാടില്ല എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നതിലാണ് വ്യക്തത വേണ്ടത്. ഇതിൻ്റെ വീഴ്ച ഒരാളുടെ മാത്രം തലയിൽ കെട്ടിവെക്കരുത്. സ്റ്റത്തിൻ്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഡോ. ലളിതാംബിക മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓപ്പറേഷൻ തിയറ്ററുകളിൽ ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്താൻ ബോർഡ് വച്ച് എഴുതുന്ന രീതി നിലവിലില്ല. ഇതിനായി പ്രത്യേകം സ്റ്റാഫുകൾ ഇല്ല എന്നതാണ് പോരായ്മ. സ്റ്റാഫ് എഴുതിക്കഴിഞ്ഞാൽ ഡോക്ടർക്ക് അത് പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും. അത്തരമൊരു സംവിധാനം സർക്കാർ ആശുപത്രികളിൽ കൊണ്ടുവരുന്നത് നന്നായിരിക്കുമെന്നും തന്റെ മുപ്പത്തിയെട്ട് വർഷത്തെ സർവീസിനിടയിൽ സർക്കാർ ആശുപത്രികളിൽ ഈ രീതി കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59)ആ ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ തീരാദുരിതം അനുഭവിക്കുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയോ കാരണം കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. അവിടെനിന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനകൾ കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ ഉപകരണം കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.
രോഗിയോട് ഉടൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിച്ചു. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയിലൂടെ ഉപകരണം നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷാ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എഫ്. തോബിയാസിനെ അറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ രാത്രിയോടെ പരാതി നല്‍കി.
ഉഷയെ തുടർചികിത്സക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി ഇടപെട്ടാണ് ഉഷയുടെ തുടർചികിത്സക്കായി സൗകര്യം ഒരുക്കിയത്. അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനക്ക് ശേഷം തുടർചികിത്സയെ കുറിച്ചും ഉപകരണം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിനെ കുറിച്ചും തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.