ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപിച്ചു
നെടുമങ്ങാട്: ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപിച്ചു. തലക്കും കാലിനും കൈക്കും വെട്ടേറ്റ ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്ത് വീട്ടിൽ അജിത(39)യെയും കൈക്ക് നിസ്സാര പരിക്കേറ്റ ഇവരുടെ മാതാവ് ശ്യാമളയെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിതയുടെ രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണനെ പ്രതിയാക്കി വധശ്രമത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അജിതയും ഉണ്ണികൃഷ്ണനും തമ്മിലുള്ള വഴക്കാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഉണ്ണിക്കൃഷ്ണന്റെയും രണ്ടാം വിവാഹമാണ്. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു ഉണ്ണികൃഷ്ണനും അജിതയും തമ്മിൽ വഴക്ക് ഉണ്ടായത്. ഇതിനെ തുടർന്ന് രാത്രി തന്നെ വീട്ടിൽ നിന്നും ഇറങ്ങിപോയ ഉണ്ണികൃഷ്ണൻ വെള്ളിയാഴ്ച രാവിലെ ആറ്മ ണിയോടെ വീട്ടിൽ എത്തി വാതിൽ തട്ടി വിളിച്ചപ്പോൾ അജിത വാതിൽ തുറന്ന സമയത്ത് ആയിരുന്നു കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ഉണ്ണികൃഷ്ണൻ അജിതയെ വെട്ടി പരിക്കേൽപ്പിച്ചത്.
ഇവരെ പിടിച്ച് മാറ്റാൻ വന്ന അജിതയുടെ മാതാവ് ശ്യാമളയേയും ഇയാൾ പിടിച്ച് തള്ളി കയ്യിൽ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ശ്യാമളക്ക് നിസ്സാരമായ പരിക്കാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ബഹളം കേട്ട് അയൽവാസികൾ എത്തുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെടുക ആയിരുന്നു. അജിത അമ്പലമുക്കിലെ ഒരു വീട്ടിൽ ജോലിക്ക് പോയി മടങ്ങി വരുകയാണ് പതിവ്. രണ്ടര വർഷം മുൻപാണ് ഉണ്ണികൃഷ്ണൻ അജിതയെ വിവാഹം കഴിച്ചത്. ആദ്യ ഭർത്താവിൽ അജിതയ്ക്കുള്ള ഏക മകൾ ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.