പത്തനംതിട്ട: സർക്കാറിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് വൃക്കരോഗിയായ യുവാവിന് പൊലീസിന്റെ മർദനമെന്ന് പരാതി. സീതത്തോട് ആങ്ങമൂഴി കുന്നുംപുറത്ത് വീട്ടിൽ കെ.എസ്. അനിൽ കുമാറിനാണ് (46) മൂഴിയാർ പൊലീസിന്റെ മർദനമേറ്റത്.
പൊതിച്ചോർ വിതരണം തടയൽ, സ്ത്രീ സുരക്ഷ പെൻഷൻ നിഷേധം, വൈദ്യുതി കട്ട് എന്നിവക്കെതിരെ അനിൽ ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ആങ്ങമൂഴി സ്വദേശി കോൺഗ്രസ് നേതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.
ചൊവ്വാഴ്ച രാവിലെ 11നാണ് ഗ്രേഡ് എസ്.ഐ നെപ്പോളിയന്‍റെ നേതൃത്വത്തിൽ രണ്ട് പൊലീസുകാർ അനിലിന്റെ വീട്ടിലെത്തിയത്. ഹൃദ്രോഗവും ഇരു വൃക്കകൾക്ക് തകരാറും സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ആളാണ് അനിൽ. ‘നീയാണോടാ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ പോസ്റ്റ് ഇടുന്നത്’ എന്നു ചോദിച്ച് കട്ടിലിൽനിന്ന് വലിച്ചിടുകയായിരുന്നുവെന്ന് അനിൽ ആരോപിച്ചു.
തന്റെ രണ്ട് കാലുകളും നീര് വന്ന് വേദനയോടെ കിടക്കുകയാണെന്ന് പറഞ്ഞെങ്കിലും പൊലീസുകാർ വലിച്ചിഴച്ച് മുറ്റത്തേക്ക് ഇറക്കി. പടികളിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് ഇരു കാലുകളിലും പരിക്കുണ്ട്. പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുന്നതുവരെ മർദിച്ചുവെന്നും അനിൽ ആരോപിക്കുന്നു.
സംഭവം അറിഞ്ഞ് സി.പി.എം പ്രവർത്തകർ സ്റ്റേഷനിൽ എത്തിയതിനെ തുടർന്നാണ് പൊലീസ് അനിലിനെ വിട്ടയച്ചത്. അനിലിനെ പിന്നീട് കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സി.പി.എം പെരുനാട് ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് എസ്. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.