കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിത കണ്ടക്ടർമാർക്ക് രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കണമെന്ന നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരെയും കെ.എസ്.ആർ.ടി.സി അധികൃതരെയും നേരിട്ട് കേട്ടശേഷമാകണം നടപടിയെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. വനിത കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല തുടങ്ങിയവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
വനിതാ കണ്ടക്ടർമാർക്ക് അനുയോജ്യമായ രീതിയിൽ ആർത്തവാവധി നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആർത്തവാവധി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കും. കഠിനമായ ആർത്തവാനുഭവങ്ങൾ ആരോഗ്യത്തെയും ജോലിയെയും ഒരുപോലെ ബാധിക്കുന്നതാണ്. മണിക്കൂറുകളോളം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടിവരുന്ന കണ്ടക്ടർമാർക്ക് വൃത്തിയുള്ള വിശ്രമസൗകര്യങ്ങൾ പോലും പരിമിതമാണ്.
സ്ത്രീ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമനടപടിയാണ് ആർത്തവാവധി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ഉതകുന്ന ഭരണഘടനാ തത്ത്വങ്ങൾക്ക് അനുസൃതമാണിതെന്നും കോടതി വിലയിരുത്തി.
നിലവിൽ മൂവായിരത്തോളം വനിതാ ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. അയൽസംസ്ഥാനമായ കർണാടകത്തിൽ വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസം ആർത്തവാവധി അനുവദിച്ചിട്ടുള്ളതും കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവാവധി നിലവിലുള്ളതും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്കായി അഡ്വ. എം. അനിൽകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.