കൊച്ചി : പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈകോടതി. മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിനെതിരെ കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആരാഞ്ഞത്. കോടതിയിൽ തങ്ങൾക്കെതിരായ അന്വേഷണം തൽക്കാലത്തേക്ക് മരവിപ്പിക്കണമെന്നാണ് കെ.എസ്.ഐ.ഡി.സി ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് പണം നൽകിയത് അറിഞ്ഞില്ലെന്ന കെ.എസ്.ഐ.ഡി.സി നിലപാടിനെയാണ് കോടതി ചോദ്യം ചെയ്തത്. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെ എസ് ഐ ഡി സി. അതുപയോഗിച്ചാണ് 13 ശതമാനത്തിലധികം ഷെയർ സി.എം.ആർ.എല്ലിൽ വാങ്ങിയത്. കരിമണൽ കമ്പനിയുടെ ഡയറ്കടർ ബോർഡിൽ കെ.എസ്.ഐ.ഡി.സിയുടെ ഒരു നോമിനിയുമുണ്ട്. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. കെ.എസ്.ഐ.ഡി.സിയുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയല്ലെന്ന് പറയുന്നത് ലോജിക്കൽ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം തടയണമെന്ന മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജികിന്റെ ആവശ്യം കർണാടക ഹൈകോടതി തളളിയ കാര്യം ഹർജിയിൽ കക്ഷി ചേരാനെത്തിയ ഷോൺ ജോർജ് അറിയിച്ചു. ഹർജിയിൽ തന്നെ കക്ഷി ചേർക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.