കോഴിക്കോട്: കേരളത്തിലെ വിലക്കയറ്റത്തിന് കാരണം സ്വർണവില ഉയരുന്നതും മലയാളിയുടെ സ്വർണഭ്രമവുമെന്ന് സർക്കാർ.
കേരളത്തിലെ വൻതോതിലുള്ള വിലക്കയറ്റം സംബന്ധിച്ച് ടി. സിദ്ധീഖ്, അൻവർ സാദത്ത്, സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ് എന്നീ എം.എൽ.എമാരുടെ ചോദ്യത്തിന് നിയമസഭയിൽവെച്ച മറുപടിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ സൂചിക കണക്കാക്കുമ്പോൾ സ്വർണത്തെയും വെള്ളിയെയും പലവക വിഭാഗത്തിലെ പേഴ്സണൽ കെയർ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാരന്റെ പ്രതിമാസ ചെലവിൽ സ്വർണം ഉൾപ്പെടുന്ന പേഴ്സണൽ കെയർ വിഭാഗത്തിന് നൽകിയിട്ടുള്ള വെയിറ്റേജ് കേരളത്തിൽ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഈ വെയിറ്റേറ്റ് 3.89 ശതമാനം മാത്രമാണ്.
എന്നാൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഇത് 6.57 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 10.42 ശതമാനവുമാണ്. അതായത് ദേശീയ ശരാശരിയെക്കാൾ രണ്ടുമുതൽ മൂന്ന് ഇരട്ടിവരെ പ്രാധാന്യമാണ് കേരളത്തിന്റെ കാര്യത്തിൽ പണപ്പെരുപ്പ നിരക്കിൽ സ്വർണത്തിനുള്ളത്.
ഇതിന്റെ ഫലമായി ആഗോളതലത്തിൽ സ്വർണവിലയിലുണ്ടാകുന്ന മാറ്റം കേരളത്തെ രൂക്ഷമായി ബാധിക്കുന്നു. ഉദാഹരണത്തിന് സ്വർണവില 50 ശതമാനം വർധിക്കുകയാണെങ്കിൽ ദേശീയതലത്തിൽ അത് മൊത്തം പണപ്പെരുപ്പത്തിന്റെ 0.55 ശതമാനം എന്ന ചെറിയ വർധനവ് മാത്രമേ ഉണ്ടാകൂ.
എന്നാൽ, കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ സ്വർണവില വർധനവ് കാരണം മൊത്തം പണപ്പെരുപ്പത്തിന്റെ 4.6 ശതമാനത്തോളം ഒറ്റയടിക്ക് ഉണ്ടാകുന്നു. അരിയുടെയോ, പച്ചക്കറിയുടേയോ വിലയിൽ മാറ്റമില്ലെങ്കിൽപോലും സ്വർണവില കൂടിയാൽ കേരളത്തിലെ പണപ്പെരുപ്പം കുത്തനെ ഉയരുന്നതായി കാണപ്പെടുന്നത് ഇതുകൊണ്ടാണ്.
കേരളത്തിന്റെ സവിശേഷമായ ഉപഭോഗ സംസ്കാരത്തിന്റെയും സ്വർണത്തോടുള്ള താൽപര്യത്തിന്റെയും പ്രതിഫലനമാണ് ഈ ഉയർന്ന കണക്കുകളെന്നും കുടുംബ ബജറ്റിൽ ഇത് വലിയ മാറ്റമുണ്ടാക്കുന്നുണ്ടെങ്കിലും ഇത് യഥാർഥത്തിൽ മലയാളിയുടെ വാങ്ങൽശേഷിയെ സൂചിപ്പിക്കുന്നുവെന്നും സർക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.