അഞ്ച് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ആലപ്പുഴ,പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നാളെ (വ്യാഴാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉൾപ്പെടെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. കൂടാതെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രാദേശിക സാഹചര്യം പരിശോധിച്ച് അവധി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ (ഡി.ഡി.ഇ) കലക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

പത്തനംതിട്ടയിൽ തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളിഫേസ് സ്കൂൾ, കൈതക്കൊല്ലി ഗവ. എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് നാളെ അവധിയായിരിക്കും.

മഴയുടെ ശക്തി കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നേരിയ ആശ്വാസമുണ്ട്. മിക്കയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനജീവിതം പൂർണമായി സാധാരണ നിലയിലായിട്ടില്ല. കുട്ടനാട് താലൂക്കിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കുറവുണ്ടായിട്ടുണ്ട്. എന്നാൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇനിയും മൂന്നോ നാലോ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. ചെങ്ങന്നൂരിൽ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിൽ വെള്ളം ഇറങ്ങിയെങ്കിലും ചെന്നിത്തല പഞ്ചായത്തിൽ പ്രതിസന്ധി തുടരുകയാണ്. ജില്ലയിൽ ഉടനീളമുള്ള പല താഴ്ന്ന പ്രദേശങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.

അതേസമയം, തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യം സി.പി.എം ശക്തമാക്കി. മതിയായ വീതിയിൽ പൊഴി മുറിക്കാത്തതാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാൻ കാരണമെന്നും, ജനങ്ങൾ ജനപ്രതിനിധികളെ ചോദ്യം ചെയ്യുന്ന സ്ഥിതിയാണെന്നും ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ പ്രതികരിച്ചു.

Tags:    
News Summary - Holiday Declared for Educational Institutions in Three Taluks of Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.