പി.എസ്. താജുദ്ദീൻ
ആലപ്പുഴ: നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡിന് തുടർച്ചയായ രണ്ടാംതവണയും മാധ്യമം സീനിയർ റിപ്പോർട്ടർ പി.എസ്. താജുദ്ദീൻ അർഹനായി. ‘മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ച ‘ട്രാക്കോളം’ എന്ന വാര്‍ത്താപരമ്പരക്കാണ് അവാര്‍ഡ്.
71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2025-ലെ മാധ്യമ അവാര്‍ഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. 2024ലും താജുദ്ദീന് തന്നെയായിരുന്നു പുരസ്കാരം.
എന്‍.ടി.ബി.ആര്‍ (നെഹ്റു ട്രോഫി ബോട്ട് റേസ്) സൊസൈറ്റിയുടെയും മാധ്യമ അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍പേഴ്സനായ ജില്ല കളക്ടര്‍ ഷാജി വി. നായരാണ് പുരസ്‌കാര തീരുമാനം അറിയിച്ചത്. മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിന് മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫര്‍ വിഗ്നേഷ് കൃഷ്ണമൂർത്തി അർഹനായി. ‘വീര വിജയം’ എന്ന തലക്കെട്ടോടെയുള്ള ചിത്രമാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 22ന് വള്ളംകളി വേദിയില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. നെഹ്റു ട്രോഫി ജലമേളയുടെ ഭാഗമായി ശ്രവ്യമാധ്യമങ്ങള്‍ നടത്തിയ മികച്ച പ്രചാരണത്തിന് റേഡിയോ മാംഗോക്ക് മെമെന്റോയും പ്രത്യേക അംഗീകാരപത്രവും നൽകും.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടര്‍ സി.എല്‍. തോമസ്, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസ്മെന്റ് ലക്ചറര്‍ വി.ജെ. വിനീത, ഫോട്ടോ ജേണലിസം കോ-ഓഡിനേറ്റര്‍ ലീന്‍ തോബിയാസ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണയം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.