കോഴിക്കോട് : രാമായണത്തിലെ ഊർമിളയെ കേന്ദ്ര കഥാപാത്രമാക്കി ‘കലികയറിയ ഊർമ്മിള' എന്ന കാവ്യം എഴുതിയ കവി ആരാണ്?  ജ്ഞാനഭാഷ എന്ന ഓൺലൈൻ ജേർണലിൽ ഡോ.കെ.എസ്. ഷൂബയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇതുവരെ മലയാള സാഹിത്യലോകം ഉദ്ധരിക്കപ്പെടുകയോ പരാമർശിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത, സ്ത്രീപക്ഷകൃതിയാണിതെന്ന് ഡോ.കെ.എസ്.ഷൂബ മാധ്യമം ഓൺലൈനോട് പറഞ്ഞു.

‘കലികയറിയ ഊർമ്മിള' എന്നകൃതി സ്ത്രീവിരുദ്ധമായ ബ്രാഹ്മണമതത്തിൻറെ പ്രത്യയശാസ്ത്രത്തിലും രാജവാഴ്ചയുടെ മൂല്യനിലപാടുകളിലും സ്ഫോടനാത്മകമായ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഊർമ്മിള രാഘവൻ കെ.യം. ആണ് രചയിതാവ്. തൂലികാനാമം ആകാം. കൃതിയിൽ കാലം രേഖപ്പെടുത്തിയില്ല.

കേരള സാഹിത്യ അക്കാദമിയുടെ ഡിജിറ്റൽ ആർക്കൈവിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1914 എന്നാണ്. കൃതി കണ്ടെത്തിയ കാലമാണോ എന്നറിയില്ല. പുതിയ ലിപിയിലാണ് അച്ചടി എന്നതിനാൽ 1970കൾക്ക് ശേഷമാകാം. ഒരു പക്ഷെ വടക്കൻ കൃതിയാകാം (‘കളയുക ‘ എന്ന അർത്ഥത്തിൽ ‘ചാടുക ‘ പോലുള്ള പ്രയോഗങ്ങൾ കാണാം.’എം ‘ എന്നതിന് ‘യം’ എന്നെഴുതുന്നതും മലബാർ രീതിയാണ്.). ഏതു കാലത്തെഴുതിയതായാലും കൃതിയുടെ പ്രകോപനശേഷി വളരെ വലുതാണ്. എക്കാലത്തെയും വലിയ രാമായണ വിമർശന കൃതി എന്നു ഇതിനെക്കുറിച്ച് പറയാം.

വിവാഹം പരിഷ്കൃതമായ അടിമവ്യാപാരവും സ്ത്രീയെ കെണി വച്ച് കുഴിയിൽ വീഴ്ത്തി പണിയെടുപ്പിക്കുന്ന സമ്പ്രദായമാണെന്നും കുടുംബം ദുരിതഗർത്തവും നരകവുമാണെന്നും കൃതിയിൽ പറയുന്നു. വിട്ടുവീഴ്ചയില്ലാത്തതും രൂക്ഷവുമായ സ്ത്രീപക്ഷസമീപനം ഇതിൽ കാണാം. വിവിധജാതി-മത വിഭാഗത്തിലുള്ള സ്ത്രീ ജീവിതങ്ങളെ ഇതു സ്പർശിക്കുന്നുണ്ട്.

രാമനൊത്ത് കാട്ടിൽപ്പോകാൻ വരുന്ന ലക്ഷ്മണനോട് ഇങ്ങനെയാണ് ഊർമിളയുടെ വിമർശനങ്ങൾ:

“ജനം പുകഴ്ത്തട്ടെ, ത്യാഗം നല്ലതു തന്നെ, പക്ഷെ ഉറ്റവരിൽ താങ്കൾ മാത്രം പോണതെന്താ

കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടു പായസം കോരിക്കുന്ന കുരങ്ങിച്ചികളെ പോലെയാണ് ഇവിടെ അമ്മമാർ, മൂഢരെ കൊണ്ട് സ്വാർഥം നടപ്പിലാക്കുന്നത്.

ഭർത്താവിൻറെ ചൊൽപ്പടിക്ക് നിൽക്കുക എന്നതാണ് പുരുഷ മതം തീർത്ത ദുര്യോഗം

ദുരിത ഗർത്തമാണ്, നരകമാണ് സ്ത്രീകൾക്ക് വൈവാഹിക ജീവിതം

വിവാഹം പരിഷ്കൃതമായ അടിമവ്യാപാരമാണ്

ചുറ്റും കെട്ടിയുറച്ച ചാലിലൂടെ ചുറ്റിയൊഴുക്കുന്ന വെള്ളമാണോ സ്ത്രീകൾ.. മനസും വികാരങ്ങളുമില്ലയോ അവർക്ക്

ചാട്ടവാറടി കൊണ്ട് ഭാരം ചുമക്കുന്ന മൂരികൾ എന്തു പറയാൻ?

ചരടുകെട്ടിക്കുടുക്കി വാലാട്ടി നടത്തിക്കുന്ന, കാവൽപ്പണി ചെയ്യിക്കുന്ന നായയോ സ്ത്രീകൾ?

കുട്ടിക്കാലം മുതൽ വാർധക്യം വരെ പർദയ് കകത്താക്കി, കെണിവച്ചു കുഴിയിൽ ചാടിച്ച് തടി വലിപ്പിപ്പിക്കാൻ ആനക്കൂട്ടമോ സ്ത്രീകൾ?

കാലിക്ക് മൂക്കിൽ ഒരു കയർ, ആനക്ക് കാലിൽ, കുരങ്ങിന് അരയിൽ , നായക്ക് കഴുത്തിൽ , സ്ത്രീകൾക്ക് മേലാകെ കോച്ചുവല…

കാമനെ കൊന്നവന് പിച്ചിപ്പറിച്ചുണ്ണുവാൻ നേർച്ചക്കുഴിഞ്ഞിട്ട മെച്ചപ്പെട്ട മൃഗങ്ങളോ സ്ത്രീ?

നേരെ നിന്ന് ചോദ്യം ചെയ്യാതിരിക്കാനല്ലേ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിച്ചത്?

ജഗത്തല്ല സ്വർഗ്ഗമാണ് മിഥ്യ, പഴമകൾ കാലോചിതമായി മാറണം”

ജഗത്തിനെ മിഥ്യയായി നിർവ്വചിക്കുന്ന ബ്രാഹ്മണമതത്തിൻറെ പ്രത്യയശാസ്ത്രപദ്ധതിയാണ് സ്ത്രീനിരാസം മഹത്തായ മൂല്യമായി കണ്ടത്. ത്യാഗമെന്നും ധർമ്മമെന്നും പറയപ്പെട്ട, എഴുത്തച്ഛനാലൊക്കെ വാഴ്ത്തപ്പെട്ട രാമൻറെ രാജ്യപരിത്യാഗം അധർമമാണെന്നും കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടു ചോറ് കോരുന്ന പ്രക്രിയ ആണതെന്നും വിമർശിക്കുന്നു. പ്രാചീന കാല സ്ത്രീ സ്വാതന്ത്ര്യപ്രവർത്തകരെ ഭീകരവാദികളായി കണ്ട് കൊല്ലുകയാണ് പൗരോഹിത്യം ചെയ്തത്. രാമനെക്കൊണ്ട് താടകയെ വസിഷ്ഠൻ കൊല്ലിക്കുന്നത് ഉദാഹരണം. ഇത്തരം സ്ത്രീകളെ ‘മനുഷ്യർ ‘ എന്ന നിർവചനത്തിന് തന്നെ പുറത്ത് നിർത്തി.ഈ ആശയം കൃതിയിൽ കാണാം:

“താടകാദികളുടെ ഭീകര പ്രസ്ഥാനത്തിന് നല്ല വനിതാ വ്യാഘ്രങ്ങളെ പൂട്ടിയിടുന്ന മർത്ത്യൻറെ ധൂർത്തിനെയാണ് പഴിക്കേണ്ടത് “

സ്വധർമ്മം ഉപേക്ഷിക്കുന്ന പൊണ്ണനായി രാമനെ കാണുന്നു. അധ്വാനമില്ലാതെ കിട്ടുന്ന പെണ്ണിനെയും ഭരണാധിപ സ്ഥാനത്തെയും ഉപേക്ഷിക്കുന്നതിൽ അത്ഭുമില്ല എന്നും ഊർമ്മിള വിമർശിക്കുന്നു. സ്ത്രീപുരുഷബന്ധത്തിൽ പ്രണയത്തെയും രാഷ്ട്രീയത്തിൽ ജനാധിപത്യ മൂല്യത്തെയും കൊണ്ടുവരികയാണ് ഊർമിള. പർദ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ മറ്റ് മത ശരീരങ്ങളെക്കൂടി വിമർശന പരിധിയിൽ കൊണ്ടു വരുന്നു. ത്യാഗം, പിതൃ ഭക്തി, തുടങ്ങിയ മൂല്യങ്ങൾ വിമർശന വിധേയമാക്കുന്നുണ്ട്.

ഊർമ്മിളയുടെ തുടർന്നുള്ള വിമർശനങ്ങൾ:

“വിവാഹത്തിനു മുൻപ് ജ്യോത്സ്യർ ആരും പറഞ്ഞില്ലേ 14 കൊല്ലത്തെ വനവാസം. എനിക്കും വേർപാട് 14 കൊല്ലമെന്നോർക്കണം

(14 കൊല്ലത്തെ വനവാസം കഴിഞ്ഞിട്ടു പോരായിരുന്നില്ലേ വിവാഹാലോചന?)

കുളത്തിലെ തവളകളെ എറിഞ്ഞു കൊന്നു രസിക്കുന്നയാളായി ലക്ഷ്മണൻ മാറുന്നത് നല്ലതല്ല. നീരുറ്റി അകലെ തള്ളേണ്ട തൊണ്ടല്ല സ്ത്രീ.കുല മാഹാത്മ്യം വാഴ്ത്തുന്ന ആളായി മാറരുത് താങ്കളും.

കണ്ണാടയും കടിഞ്ഞാണുമായി നിങ്ങളെ പേറി നടക്കുന്ന കുതിരകളല്ല ഞങ്ങൾ, ഇതുപോലെ എന്നും കഴിയില്ല, ശൗര്യത്തിലും വീര്യത്തിലും ഞങ്ങൾ പിന്നിലല്ല

ഭാര്യയോടാലോചിക്കാതെ, ഭാര്യയോടുള്ള ബാധ്യത കണക്കാക്കാതെ പെരുമാറാൻ അത്ര ദുർബ്ബലയായാണോ തന്നെ കണ്ടത്.ഭാര്യ സ്വൈരക്കേട് നൽകുന്ന ഉറുമ്പാണെന്നാണല്ലോ മഹദ് വചനം

ജ്യേഷ്ഠൻ്റെ മത്സര വിജയത്തിലാണല്ലോ എൻ്റെ വിവാഹം നടന്നത്. വെറുതെ കൈവന്നത് ഉപേക്ഷിക്കാൻ പ്രയാസമില്ലല്ലോ. ഒരു വെടിവച്ചു നാലു കൊച്ചങ്ങ വീണു അങ്ങനെയായിരുന്നല്ലോ വിവാഹം. താങ്കൾക്ക് എന്തു നഷ്ടം.

കുമാരനാശന്റെ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചത് 1919ലാണ്. അതിന് മുമ്പ് ഊർമിളയെ കേന്ദ്രമാക്കി വിമർശന്മാക  കാവ്യം രചിച്ചത് ആരാണെന്ന് അന്വേഷിക്കുകയാണ് ഡോ.കെ.എസ്. ഷൂബ

Tags:    
News Summary - Who wrote the work 'Kalikayariya Urmila'?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.