തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ച തുടരുന്നതിനിടെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീഡിയ ഗ്രൂപ്പിന്‍റെ പേര് മാറ്റി. സി.എം.ഒ (ചീഫ് മിനിസ്റ്റേഴ്സ് ഓഫിസ്) എന്ന പേര് ‘ഒപ്പോസിഷൻ മീഡിയ ’എന്നാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ ചിത്രമാണ് ഗ്രൂപ്പിന് നൽകിയത്. ഗ്രൂപ്പ് അഡ്മിനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജാണ് പേര് മാറ്റിയത്. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെയാണ് പേരുമാറ്റം.
പത്തുവർഷത്തിന് ശേഷം മോശം തോൽവിയുമായി പുറത്തുപോകേണ്ടിവന്നതിനാൽ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഫലം പുറത്തുവന്ന ശേഷം പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. ധർമടത്ത് മാധ്യമങ്ങളെ കാണുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. തിരുവനന്തപുരത്തും മൗനം തുടരുകയാണ്. പ്രതിപക്ഷ നേതാവാകാനില്ലെന്ന് പിണറായി വിജയൻ അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയേക്കും.
പിണറായി ഇല്ലെങ്കിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലിനാകും പ്രഥമ പരിഗണന. തനിക്ക് പകരം മറ്റേതെങ്കിലും പേര് പിണറായി പറയുമോയെന്നതും ശ്രദ്ധേയം. ആദ്യത്തെ രണ്ടുവർഷം പിണറായിതന്നെ പ്രതിപക്ഷസ്ഥാനം വഹിച്ചശേഷം ഒഴിയുമോയെന്ന സംശയവും ഉണ്ട്. ഭരണപക്ഷ നിര ശക്തമായതിനാൽ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാകണമെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും തള്ളാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.