മലകളിളകീടാം മഹാജനമനമിളകിടില്ല എന്നാണു കുമാരനാശാൻ ‘സിംഹനാദ’ത്തിൽ എഴുതിയിട്ടത്. ആരൊക്കെ കൊമ്പ് കുലുക്കി വന്നാലും ചങ്കുറപ്പോടെ ഇളകാതെ നിൽക്കും എന്നതാണ് പിണറായി വിജയനെ കുറിച്ച് അനുയായികളുടെ വാഴ്ത്തുപാട്ട്. തലശ്ശേരി ബ്രണ്ണൻ കോളജിൽ തന്‍റെ പ്രത്യേക ‘ഏക്ഷനി’ൽ എതിരാളി വില്ലാളി വീരനായ സാക്ഷാൽ കുമ്പക്കുടി സുധാകരൻ പോലും വാലുംചുരുട്ടി ഓടിയെന്ന് പിണറായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു മന്ത്രിസഭ മൂന്നാമൂഴത്തിന് അങ്കക്കച്ച മുറുക്കുമ്പോൾ ഇരട്ടച്ചങ്കന്‍റെ ഈ ചങ്കുറപ്പിലും നേതൃപാടവത്തിലും രാഷ്ട്രീയ ചാണക്യബുദ്ധിയിലുമാണ് ഏതു നിഷേധ സാഹചര്യത്തിലും ഇടതുമുന്നണിയുടെ പ്രതീക്ഷയത്രയും. മൂന്നാം ഭരണം ലഭിച്ചാൽ കപ്പിത്താൻ ആരെന്ന കാര്യത്തിൽ മുന്നണിയിലോ പുറത്തോ ആർക്കുമില്ല സംശയം.
സ്വർണത്തിളക്കമുള്ളവയടക്കം ഏറെ വിവാദങ്ങൾ കണ്ട പത്തു വർഷ ഭരണത്തിന്‍റെ അവസാന നാളുകളിലും പാർട്ടിയും മുന്നണിയും നേതാവിനു കീഴിൽ പാറപോലെ ഉറച്ചുനിന്നത് ആ നേതൃകരുത്തിന്‍റെ വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരുന്നു. നയതന്ത്ര സ്വർണക്കടത്തും ശബരിമല സ്വർണക്കൊള്ളയും മകളുടെ പേരിലുള്ള എക്സാലോജിക്കുമൊക്കെ വിവാദങ്ങളുടെ കരിമ്പുക പടർത്തിയെങ്കിലും പിണറായി ‘ഏക്ഷനു’ മുന്നിൽ ഒരു എതിരഭിപ്രായം പോലും ഉയർത്താൻ പാർട്ടിയിൽ ആർക്കും ധൈര്യമുണ്ടായില്ല എന്നതാണു വാസ്തവം.
പന്തടക്കത്തിലും ഇരുകാൽ ഷൂട്ടിങ്ങിലും അർധാവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും അതുല്യ മികവിലൂടെ ഇതിഹാസ പുരുഷനായ ബ്രസീൽ താരം എഡ്‌സൺ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ ചരിത്രം കുറിച്ച് കാൽപന്തിന്‍റെ വിശ്വകിരീടത്തിൽ മൂന്നാം മുത്തമിട്ട് മൂന്നാം മാസമായിരുന്നു തെരഞ്ഞെടുപ്പ് യുദ്ധത്തിൽ വിജയന്‍റെ കന്നിയങ്കം. കളിക്കളത്തിലെ പെലെക്കു സമാനമാണ് രാഷ്ട്രീയത്തിൽ വിജയന്‍റെ റോൾ. സംഘടനയിലും ഭരണത്തിലും ഒരേപോലെ മികവിന്‍റെ നേതൃത്വം. പാർട്ടിക്കും സർക്കാറിനും എന്നും കരുത്താവുന്ന മിന്നൽ പിണറായ പാടവം. 26ാം വയസിൽ കൂത്തുപറമ്പിൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ തായത്ത് രാഘവനെതിരെയായിരുന്നു കന്നി പോരാട്ടം. 51 ആണ്ടിനു ശേഷം പാർട്ടി കോട്ടയായ ധർമടത്ത് ഹാട്രിക്കിനു വേണ്ടിയുള്ള പോരാട്ടമാണ്. ഏഴാമങ്കം.
ജനപ്രിയ മുഖമായ കെ.കെ ശൈലജക്ക് ഉറപ്പില്ലാത്ത സീറ്റ് വെച്ച് ചെക്ക് പറഞ്ഞ പിണറായിയുടെ ചതുരംഗ ബുദ്ധി 2027നോ 28നോ അപ്പുറമുള്ള കാലത്തേക്കാണ് കരുനീക്കുന്നതെന്ന് ആശങ്കപ്പെടുന്നവർ പാർട്ടിയിൽ ഉണ്ടെങ്കിലും ‘മറ്റാരുണ്ട്, എൽ.ഡി.എഫ് അല്ലാതെ’ എന്ന പരസ്യ പോസ്റ്റർ പോലെ വിജയമുഖം അല്ലാതെ ‘മറ്റാരുമില്ല’ എന്നതാണു സി.പി.എമ്മിന്‍റെ വർത്തമാന സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.