തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിന്റെയും അച്ചടക്ക നടപടിയുടെയും പേരിൽ സംസ്ഥാന ബി.ജെ.പിയിൽ പുതിയ വിവാദം. വ്യാജ ലെറ്റർപാഡുണ്ടാക്കി, ഇല്ലാത്ത അച്ചടക്ക നടപടിയെന്ന പേരിൽ പ്രചാരണം നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം പൊലീസിൽ പരാതി നൽകിയതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന ബി.ജെ.പിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ കൊണ്ടുവന്ന രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലും ചേരിപ്പോര് രൂക്ഷമാണ്. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ വ്യാജ ലെറ്റർഹെഡ് പോലും നിർമിക്കപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിനെ ചൊല്ലിയും വിവാദമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന്റെ പേരിൽ ഒരു സംസ്ഥാന സെക്രട്ടറിക്കും രണ്ടു നേതാക്കൾക്കുമെതിരെ നടപടി എടുത്തെന്ന പ്രചാരണമാണ് വിഷയങ്ങൾക്ക് തുടക്കം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഒപ്പോടെയായിരുന്നു ഈ ഉത്തരവ്. എന്നാൽ, വാർത്താകുറിപ്പ് സത്യവിരുദ്ധമാണെന്നും ലെറ്റർ പാഡ്തന്നെ വ്യാജമാണെന്നും അധ്യക്ഷൻ വിശദീകരിച്ചതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങി. വ്യാജ ലെറ്റർ പാഡുണ്ടാക്കിയതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വം ഡി.ജി.പിക്ക് പരാതി നൽകി.
അതിനിടെ, പാർട്ടിയെ പ്രതിരോധത്തിലാക്കി ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുകോടി പാർട്ടി പതാകകൾ നിർമിക്കാനുള്ള മൂന്നരകോടി രൂപയുടെ കരാറിലാണ് പ്രധാനമായും വെട്ടിപ്പ് നടന്നതെന്നാണ് ആക്ഷേപം. കേന്ദ്ര ഫണ്ട് ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ ചില നേതാക്കൾ തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപവത്കരിച്ച് കരാർ നൽകുകയായിരുന്നു. ഈ ഇടപാടിലൂടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോർച്ച നേതാവും ചേർന്ന് 54 ലക്ഷം രൂപ കമീഷനായി കൈപ്പറ്റിയെന്നാണ് ആക്ഷേപം. പിന്നാലെ, കേന്ദ്രനേതൃത്വം അയച്ച കൊടികൾ ഉപയോഗിക്കാതെ പാർട്ടി ഓഫിസിൽ കെട്ടിക്കിടക്കുകയാണ്.
പ്രചാരണത്തിന് മൂന്ന് ഹെലികോപ്റ്ററുകൾ 136 മണിക്കൂർ പറക്കാൻ കരാർ നൽകിയെങ്കിലും ആകെ ഉപയോഗിച്ചത് 42 മണിക്കൂർ മാത്രമാണ്. വാടകക്കെടുത്ത കാറുകളിൽ പകുതി പോലും ഉപയോഗിക്കാതെ ട്രിപ്പ് ഷീറ്റുകളിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ സാമ്പത്തിക ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരെ മാറ്റിയെന്ന നിലയിലുള്ള വാർത്താകുറിപ്പ് പുറത്തിറങ്ങിയതാണ് വിവാദമായത്. എന്നാൽ, ഇത് വ്യാജമാണെന്നാണ് നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.