ശബരിമല സ്വർണക്കൊള്ള തൊണ്ടിമുതൽ എവിടെ?

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ ഹൈകോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ തൊണ്ടിമുതൽ എവിടെയെന്ന ചോദ്യം ബാക്കി. ദ്വാരപാലക ശിൽപങ്ങളിലെ തങ്കം പൊതിഞ്ഞ പാളികൾ ഉരുക്കിയെന്നാണ് പ്രതികൾ മൊഴി നൽകിയത്. എന്നാൽ, ഇക്കാര്യം എസ്‌.ഐ.ടി വിശ്വാസത്തിലെടുത്തിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധനും പരസ്പരവിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്ന സംശയവും എസ്.ഐ.ടിക്കുണ്ട്.

ദ്വാരപാലക ശിൽപങ്ങളിൽനിന്ന് ചെന്നൈ സ്മാർട് ക്രിയേഷനിൽ വെച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. ഇത് ഗോവർധൻ വാങ്ങിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ, പിന്നീട് എന്തുചെയ്തു എന്നത് വ്യക്തമല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും.

അതേസമയം, ഡി. മണിയെന്ന് അന്വേഷണസംഘം കരുതുന്ന എം.എസ്. മണിയും രാജപാളയം സ്വദേശി ശ്രീകൃഷ്ണനും ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്തയാൾ മാറിയിട്ടില്ലെന്നും ഡി. മണി എന്നത് ഡയമണ്ട് മണിയെന്നതിന്റെ ചുരുക്കപ്പേരാണെന്നും എം.എസ്. മണിയെന്ന പേരും ഇയാൾക്കുണ്ടെന്നും എസ്.ഐ.ടി ഉറപ്പിച്ചു പറയുന്നു. മണിയുടെ യഥാർഥ പേര് എം. സുബ്രഹ്മണ്യം എന്നാണെന്നും അതിന്റെ ചുരുക്കപ്പേരാണ് എം.എസ്. മണിയെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.

ശബരിമല കൊള്ളയുമായി ബന്ധമില്ലെന്നും ഡി. മണിയല്ല, എം.എസ് മണിയാണ് താനെന്നും ആവർത്തിക്കുകയാണ് ഈ ഡിണ്ടിഗൽ സ്വദേശി. തന്‍റെ വീട്ടിൽ ഡിസംബർ 25ന് ഡിവൈ.എസ്.പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ പരിശോധ നടത്തിയിരുന്നെന്ന് രാജപാളയം സ്വദേശി ശ്രീകൃഷ്ണൻ വെളിപ്പെടുത്തി. ശബരിമല സ്വർണക്കടത്ത്, ഡി. മണി, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവയുമായി ബന്ധമില്ലെന്നും ഇറിഡിയം കടത്തുമായി ബന്ധപ്പെട്ട കേസ് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റിയും ശ്രീകൃഷ്ണനും തമ്മിൽ ഫോൺ സംഭാഷണം നടത്തിയ വിവരം എസ്.ഐ.ടിക്കു ലഭിച്ചിട്ടുണ്ട്. മണിയുടെ സുഹൃത്തായ ബാലമുരുകനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

എസ്.ഐ.ടി ഓഫിസിൽ ഹാജരാകാൻ ബാലമുരുകനും നോട്ടിസ് നൽകിയിട്ടുണ്ട്. മണിയും പഞ്ചലോഹ വിഗ്രഹക്കടത്ത് മൊഴിയും കേസിൽ പുതിയ വഴിത്തിരിവാണ്. ദിണ്ഡിഗൽ സംഘം പാളികൾ അപ്പാടെ മാറ്റിയോ എന്നും വിഗ്രഹങ്ങൾ കടത്തിയോ എന്നും അന്വേഷിക്കും.

Tags:    
News Summary - Where is the source of the Sabarimala gold robbery?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.