മലപ്പുറം: കശ്മീർ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ വാട്സ്ആപ് ഹർത്താലിെൻറ സൂത്രധാരന്മാരിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ കരവാളൂർ നരിക്കൽ സ്വദേശി സൗരവ് സനുവാണ് (19) പിടിയിലായത്. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. ഹർത്താൽ പ്രത്യേക അന്വേഷണ സംഘത്തിെൻറ ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാെൻറ നേതൃത്വത്തിലാണ് അറസ്റ്റ്.
ആറ്റിങ്ങലിലെ എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ ബി.ടെക് വിദ്യാർഥിയായ സൗരവ് സ്കൂൾ പഠനകാലത്ത് എ.ബി.വി.പി ഭാരവാഹിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊല്ലം, പുനലൂർ, എറണാകുളം, നെയ്യാറ്റിങ്കര തുടങ്ങിയ 10 കേന്ദ്രങ്ങളിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് അറസ്റ്റ്. ‘ഗ്രൂപ് നമ്പർ -ആറ്’ പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പിെൻറ അഡ്മിനായ ഇയാൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഗൂഢാലോചന സംബന്ധമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതായും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ എന്നത് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മഞ്ചേരിയിൽ പിടിയിലായ അഞ്ചുപേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്. അറസ്റ്റിലായ അമർനാഥ് ബൈജുവിെൻറ സഹപാഠിയായിരുന്നു സൗരവ്. ഇയാളെ പിടികൂടാൻ നേരത്തേ പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും സ്ഥലത്തില്ലാത്തതിനാൽ പുനലൂർ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.