മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞത് തെറ്റ്: ഭൂമി തിരിച്ചു കിട്ടിയിട്ടില്ലെന്ന് അട്ടപ്പാടിയിലെ ശിവൻ

കോഴിക്കോട് : മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞത് തെറ്റെന്ന് അട്ടപ്പാടി ദൊഡുഗെട്ടി ഊരിലെ ശിവൻ. നിയമസഭയിലെ മറുപടി പ്രകാരം പാടവയിൽ വില്ലേജിൽ ആദിവാസിയായ പുളിയന് ഏഴ് ഏക്കർ ഭൂമി അന്യാധിനപ്പെട്ടതിൽ രണ്ട് ഏക്കർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു നൽകിയെന്നാണ്. ഭൂമി തിരിച്ചു പിടിച്ചു നൽകാനുള്ള ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമിയുടെ അവകാശിയായ പുളിയന്റെ മകൻ ശിവൻ പാലക്കാട് കലർക്ട്ർക്ക് പരാതി നൽകി.

അട്ടപ്പാടിയിലെ പാടവയിൽ വില്ലേജിൽ ആദിവാസിയായ പുളിയന് ഏഴേക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടത്. 1975ലെ നിയമപ്രകാരം ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസിൽ പുളിയൻ പരാതി നൽകി. ഇക്കാര്യത്തിൽ പാടവയിൽ വില്ലേജ് ഓഫീസർ ഏഴേക്കർ ഭൂമി അപേക്ഷകന് അന്യാധിനപ്പെട്ടു റിപ്പോർട്ടും നൽകി. ഭൂമി കൈവശം വെച്ചിരിക്കുന്നത് ദൊഡുഗട്ടി അറുമുഖ തേവർ ആണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

1995 ജൂൺ 30 ന് ഇരുകക്ഷികളെയും വിചാരണക്ക് വിളിച്ചു. 1975ലെ ആദിവാസി ഭൂ നിയമപ്രകാരം പുളിയന് 30 ദിവസത്തിനകം ഭൂമി വിട്ടുകൊടുക്കണമെന്നാണ് ഉത്തരവിട്ടത്. എന്നാൽ, ഉത്തരവ് റവന്യൂ വകുപ്പ് നടപ്പാക്കിയില്ല. പിന്നീട് 1999 ൽ പാസാക്കിയ നിയമ ഭേദഗതിയിൽ 1986 ജനുവരി 24 വരെയുള്ള അഞ്ച് ഏക്കറിൽ വരെയുള്ള ഭൂമി കൈമാറ്റം സാധൂകരിച്ചു.

1999ലെ നിയമപ്രകാരം ഇരുകക്ഷികളെയും വീണ്ടും വിചാരണക്ക് വിളിച്ചു. ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾ ആരും വിചാരണക്ക് ഹാജരായില്ല. കൈയേറിയ ആൾക്ക് അഞ്ച് ഏക്കർ ഭൂമി കൈവശം വെക്കണമെന്നും അതിലധികമുള്ള ഭൂമി താലൂക്ക് സർവേയറും വില്ലേജ് ഓഫീസറും ചേർന്ന് അളന്ന് വേർതിരിച്ച് അടയാളപ്പെടുത്തി നൽകണമെന്ന് ഒറ്റപ്പാലം ആർ.ഡി.ഒ 2011 ജനുവരി മൂന്നിന് ഉത്തരവിട്ടു.

ഭൂമി കൈവശം വെച്ചിരിക്കുന്നവർ നൽകിയ അപ്പീൽ പ്രകാരം അതേ ടി.എൽ.എ കേസിൽ 2018 മാർച്ച് 27ന് സബ് കളക്ടർ ജെറോമിക് ജോർജ് മറ്റൊരു ഉത്തരവിട്ടു. അതുപ്രകാരം അഞ്ച് ഏക്കറിൽ അധികമുള്ള ഭൂമി വിട്ടു നൽകിയ സാഹചര്യത്തിൽ ഭൂമിക്ക് നികുതി സ്വീകരിക്കുന്നതിനും അവർക്ക് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനും സബ്കലക്ടർ അനുവാദം നൽകി. ഭൂമി കൈവശം വെക്കുന്നവർക്ക് കൈമാറ്റം ചെയ്യുന്നതിനു സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ പുളിയന്റെ ഭൂമിയുടെ അവകാശിയായ ദൊഡുഗെട്ടി ഊരിലെ ശിവന് ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല. 

Tags:    
News Summary - What Minister K. Rajan said in the Assembly was wrong: Shivan of Attapadi said that the land has not been returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.