ഏതാനും ദിവസങ്ങളായി ഫേസ്ബുക്കിൽ ഏതാനും അറബി അക്ഷരങ്ങൾ കൊണ്ടുള്ള കളിയാണ്. പ്രശസ്ത കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് കരിം ഗ്രാഫിയാണ് കറുത്ത വാവ് ദിനത്തിൽ ഇതിന് തുടക്കമിട്ടത്.
അറബി അക്ഷരമാലയിലെ 'വാവ്' (و ) എന്ന അക്ഷരം ഉപയോഗിച്ച് കരീം 'ഇന്ന് و' (ഇന്ന് വാവ്) എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയായി ഡിസൈനർ സൈനുൽ ആബിദ് 'ആ و വാവ് meme കൊള്ളാല്ലോ എന്ന് അറബിയിലെ മീം ( م ) ഉപയോഗിച്ച് അഭിനന്ദിച്ചു.
ഇതിനുപിന്നാലെ അറബിയിലെ ഒറ്റ അക്ഷരങ്ങളെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വാക്കുകളായി ഉപയോഗിച്ച് തുടർകുറിപ്പുകളും കമന്റുകളും പലരും പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ രീതി അടിപൊളി സീൻ ആയിട്ടുണ്ട് എന്ന് പറയാൻ അറബിയിലെ 'സീൻ' س) ) എന്ന അക്ഷരമാണ് അടുത്തതായി ഉപയോഗിച്ചത്. ഇതുകണ്ട് അറബി അറിയാത്തവർ 'അതിന് (അയിന്) ഞങ്ങളെന്തുവേണം' എന്ന് ചോദിക്കുന്നതായി 'അയ്ൻ' (ع) എന്ന അക്ഷരം ഉപയോഗിച്ചു. ഇതൊക്കെ കാണാൻ എന്തൊരു സ്വാദ് (ص) എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'ജോറായിട്ടുണ്ട്, നിനക്ക് നല്ല സ്വാദ് (ص) ഉള്ള ബിരിയാണി വാങ്ങിത്തരാം' എന്നായി മറ്റൊരാൾ.
അൽഫ് മബ്റൂക് എന്ന് പറയാൻ ഒരാൾ അലിഫ് (ا) എന്ന അക്ഷരവും 'അക്ഷരങ്ങൾ കൊണ്ട് ഷൈൻ (ش) ചെയ്യുന്നവരോട് ഇഷ്ടം' എന്ന് പറയാൻ ش എന്ന അക്ഷരവും ഉപയോഗിച്ചു. വാവിന് തുടങ്ങിവെച്ച ഈ അക്ഷരക്കളി നിരവധി പേരാണ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.