എറണാകുളം നെട്ടൂരിലെ വടശേരി കെ. ദാമോദരമേനോന്റെയും വി. വിലാസിനിയമ്മയുടെയും നാലാമത്തെ പുത്രൻ വി.ഡി. സതീശനെ കാത്തിരിക്കുന്നതെന്ത്? ജനവിധിയുടെ അന്തസ്സിനനുസരിച്ച് കേരളത്തെ നയിക്കാനുള്ള നിയോഗമോ അതോ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ പലവുരു ആവർത്തിച്ചുകൊണ്ടിരിക്കുന്ന, അദ്ദേഹം എപ്പോഴും ഭയപ്പെട്ടിരുന്ന ചുണ്ടിനും കോപ്പക്കുമിടയിലുള്ള പദവി നഷ്ടമോ.. കോൺഗ്രസിനകത്ത് തെരഞ്ഞെടുപ്പിന് ഫലം പുറത്തുവരുന്നതിനുമുമ്പേ തുടങ്ങിയ അധികാര മത്സരത്തിൽ വി.ഡി സതീശൻ ജയിക്കുമോ തോൽക്കുമോ?
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ വി.ഡി സതീശൻ ക്ലാസ് ലീഡറും സ്കൂൾ ലീഡറുമായിരുന്നു. എന്നാൽ, കൂട്ടുകാർക്കിടയിൽ പ്രിയങ്കരനാക്കിയത് സ്കൂളിലേക്കുള്ള പോക്കുവരവിനിടയിൽ മാങ്ങക്ക് കല്ലെറിയുന്നതിലെ കൃത്യമായ 'ഉന്നം' കൊണ്ടായിരുന്നു. സതീശൻ എറിഞ്ഞാൽ മാങ്ങകൾ കുലയോടെ വീഴും. തെറ്റാത്ത ഉന്നം. കൃത്യമായ കണക്കുകൂട്ടൽ. മാങ്ങയേറിൽ തുടങ്ങിയ പതിവ് രാഷ്ട്രീയത്തിലും ആവർത്തിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ കുട്ടയിലേക്ക്, ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകളിൽ നിന്ന് വിജയ മാമ്പഴങ്ങൾ കുലകുലയായാണ് വീണത്. എല്ലാ പ്രതീക്ഷകളെയും കവച്ചുവെച്ച വിസ്മയം. നൂറിലധികം സീറ്റ് നേടിയില്ലെങ്കിൽ വനവാസമെന്ന് സുധീരം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഞെട്ടി. അസാധ്യമായ രാഷ്ട്രീയ ചൂതാട്ടമായിരുന്നു അത്. പക്ഷെ, ഫലം അദ്ദേഹത്തിന്‍റെ ആത്മവിശ്വാസത്തിന് അടിവരയിട്ടു. പിഴക്കാത്ത കണക്കിൽ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർപോലും വിസ്മയപ്പെട്ടു. കുട്ടിക്കാലം മുതലേ കൈമുതലായ, ഏവരെയും അതിശയിപ്പിക്കുന്ന ആ 'ഉന്നം' തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിലും ഉറപ്പിക്കുന്നതിലും പിഴച്ചില്ല.
ചെറുപ്പം മുതലേ സതീശന് പ്രിയപ്പെട്ട വിഷയങ്ങൾ വായനയും ഗണിതവുമായിരുന്നു. മിടുക്കനായ ആ വിദ്യാർഥിയെ അധ്യാപകർ പ്രോത്സാഹിപ്പിച്ചത് എഞ്ചിനീയറിങ് മേഖലയിലേക്ക്. കോളജ് കാലത്ത് പ്രസംഗം കേട്ട് ആകൃഷ്ടനായ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ അദ്ദേഹത്തിന് നൽകിയ ഉപദേശം സിവിൽ സർവീസ് പരീക്ഷ എഴുതാനായിരുന്നു. എന്നാൽ, സതീശൻ തെരഞ്ഞെടുത്തത് ജനങ്ങളുടെ ഹൃദയം വായിക്കാനുള്ള, അവരുടെ മനോഗതങ്ങൾ കണക്കുകൂട്ടാനുള്ള രാഷ്ട്രീയത്തിന്‍റെ കളരി.
സ്കൂളിൽ പഠിക്കുമ്പോഴേ കെ.എസ്.യുക്കാരനായിരുന്നു. തേവര സേക്രട്ട് ഹാർട്ട് കോളജിൽ പഠിക്കാനെത്തിയ കാലത്തേ നേതാവാകാൻ തുടങ്ങി. ആർട്സ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വിജയിച്ച ഏക കെ.എസ്.യു പ്രതിനിധിയായി സതീശൻ. പിന്നീട് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയുടെ ചെയർമാനുമായി. കെ.എസ്.യു സംസ്ഥാന സാരഥിയായി പ്രഖ്യാപനം പക്ഷെ, നടപ്പായില്ല. പിന്നീട് പുനഃസംഘടിപ്പിച്ചപ്പോൾ സതീശൻ പുറത്ത്. അന്ന് പ്രസിഡന്റായി ചുമതലയേറ്റത് കെ.സി. വേണുഗോപാൽ. അന്ന് തുടങ്ങിയതാണ് മഹാഭാരതത്തിലെ കർണനോടുള്ള ഇഷ്ടം. പിറകിൽ നിന്ന് വെട്ട് കിട്ടുമ്പോഴൊക്കെ തോന്നും ആ കർണൻ തന്നെയല്ലയോ ഈയുള്ളവനെന്ന്.
അധികാര പദവികൾ ലഭിക്കുക ചിലപ്പോൾ മാങ്ങയേറ് പോലെത്തെന്നയാണ്. കൃത്യമായി കണക്കുകൂട്ടി എറിയുന്നവന് അത് ലഭിക്കും. ചിലപ്പോൾ എറിയാനറിയാത്തവനും ഒറ്റ ഏറിൽ കുലയോടെ കിട്ടും. അതവന്‍റെ ലക്ക്. രാഷ്ട്രീയത്തിൽ എറിയാൻ മാത്രമല്ല, പെറുക്കാനുമറിയണം. എന്നാലേ മാമ്പഴത്തിന്‍റെ രുചിയറിയൂ. അതിനുള്ള യോഗം സതീശനുണ്ടോ എന്ന് ഹൈകമാൻഡിന്റെ അവസാനവട്ട യോഗം തീരുമാനിക്കും. അന്നറിയാം അവസാനത്തെ ചിരി ആരുടേതെന്ന്.
യൂത്ത് നേതൃത്വത്തിൽ നിന്ന് ബഹിഷ്കൃതനായി ഡൽഹിയിലെ ചെറുനേതാവായി നിന്ന സതീശനെ 1996ൽ പറവൂരിലെ എം.എൽ.എ ആക്കുന്നത് എ.കെ. ആന്‍റണിയാണ്. ജി. കാർത്തികേയൻ അതിനാവശ്യമായ ഒത്താശകൾ ചെയ്തു. തോൽക്കാനായിരുന്നു ജനവിധി. പക്ഷെ, കണക്കിൽ അഗ്രഗണ്യനായ സതീശൻ പിന്നെ നെട്ടൂരിൽനിന്ന് പറവൂരിലേക്ക് പറിച്ചുനട്ട് തന്റെ രാഷ്ട്രീയ ഭാവി കെട്ടിപ്പടുത്തു. ഹരിത എം.എൽ.എയായും ഉമ്മൻചാണ്ടിയുടെ പ്രിയനായും കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ നേതൃനിരയിലേക്ക് കടന്നുവന്നു. ചെറുപ്പം മുതലേ ഡിബേറ്റുകളിൽ തിളങ്ങിയിരുന്ന സതീശന് നിയമസഭയിൽ ശോഭിക്കാൻ അധികം മെനക്കേടുണ്ടായിരുന്നില്ല. അത്യാവശ്യത്തിലധികം വായിക്കുന്ന രാഷ്ട്രീയക്കാരനായതിനാൽ വിവരത്തിലും കുറവില്ല. കോടതികളിൽ കുറച്ചുകാലം വാദിച്ചുജീവിച്ചതുകൊണ്ട് തർക്കിക്കാനും നന്നായറിയാം. തോമസ് ഐസക്കുമായുള്ള ലോട്ടറി സംവാദം ഈ യോഗ്യതകളൊക്കെ നാട്ടുകാരെ അറിയിക്കാനുള്ള അവസരമായി. 2021ലെ യു.ഡി.എഫിന്‍റെ തോൽവി രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തെ കരിയിച്ചുകളഞ്ഞു. പക്ഷെ, അത് സതീശന്‍റെ രാഷ്ട്രീയ ഭാവിയിലേക്കുള്ള അസുലഭ അവസരമായിമാറി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമ്പോൾ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അവസ്ഥ അതീവ പരിതാപകരമായിരുന്നു. നിരാശയുടെ ആൾക്കൂട്ടമായി കോൺഗ്രസ് മാറി. പിണറായി സർക്കാർ വൻ ഭൂരിപക്ഷത്തോടെ നേടിയ അധികാരത്തുടർച്ച കേരളത്തെ കോൺഗ്രസ് മുക്തമാക്കുമെന്നുവരെ പ്രവചനങ്ങളുണ്ടായി. ലീഗിനുപോലും ഇടതുപക്ഷത്തേക്ക് പോകണമോ എന്ന ആശ ജനിച്ച കാലം. ഈ പ്രതിസന്ധിഘട്ടത്തിലാണ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവിന്റെ തൊപ്പിയണിഞ്ഞ് 'ടീം യു.ഡി.എഫിനെ' പുനർനിർമിക്കാൻ തുടങ്ങിയത്.
ഗ്രൂപ് സമവാക്യങ്ങൾക്കപ്പുറം പുതിയ പരീക്ഷണങ്ങൾക്കും പോരാട്ടങ്ങൾക്കും അദ്ദേഹം വഴിതുറന്നു. നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ കണക്കുകളും രേഖകളും സഹിതം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലി അദ്ദേഹം വികസിപ്പിച്ചെടുത്തു. കെ-റെയിൽ, കിഫ്ബി, കെ-ഫോൺ തുടങ്ങിയ ഭരണപരമായ വീഴ്ചകൾ വസ്തുതാപരമായി പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നതിൽ സതീശൻ വിജയിച്ചു. ഗ്രൂപ്പുകൾക്ക് അതീതമായി യു.ഡി.എഫിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പല വെല്ലുവിളികളും നേരിട്ടെങ്കിലും, 'നിലപാടുള്ള നേതാവ്' എന്ന പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചു. ഒടുക്കം അതെത്തിനിൽക്കുന്നത് യു.ഡി.എഫിനെ വിസ്മയകരമായി വിജയിപ്പിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് സി.പി.എമ്മിനെ എടുത്തെറിയുകയും ചെയ്ത അമരക്കാരനായാണ്.
രാഷ്ട്രീയ കണക്കുകൂട്ടലുകളിൽ പിഴക്കാത്ത സഞ്ചാരമായിരുന്നു പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന്റേത്. 2022ലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ അതിന്റെ ദൃഷ്ടാന്തങ്ങൾ കണ്ടുതുടങ്ങി. സമുദായ സമവാക്യങ്ങൾക്കപ്പുറം ഡേറ്റാ അധിഷ്ഠിതമായ പ്രവർത്തനശൈലി അദ്ദേഹം മുന്നോട്ടുവെച്ചു. തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും വിജയങ്ങൾ പി.ടി. തോമസിന്റെയും ഉമ്മൻചാണ്ടിയുടെയും വിയോഗം സൃഷ്ടിച്ച തരംഗമായി ചിലർ വിലയിരുത്തിയെങ്കിലും, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻവിജയവും തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും നേട്ടങ്ങളും സതീശന്റെ ആസൂത്രണമികവിന് തെളിവായി. വോട്ടിങ് രീതികളും വിജയശതമാനവും മുൻകൂട്ടി പ്രവചിക്കുന്നതിൽ സതീശൻ പുലർത്തുന്ന സൂക്ഷ്മത ജനവികാരം വായിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ കഴിവിനെ അടിവരയിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന പ്രവചനവും സാക്ഷാത്കരിക്കപ്പെട്ടതോടെ ശരിക്കും വിസ്മയിപ്പിക്കുന്ന നേതാവായി മാറിയിരിക്കുന്നു വി.ഡി.എസ് എന്ന വി.ഡി. സതീശൻ.
നേരിൽ കണ്ടിട്ടില്ലെങ്കിലും പനമ്പിള്ളി ഗോവിന്ദമേനോനെയാണ് രാഷ്ട്രീയ ഗുരുവായി വരിച്ചിരിക്കുന്നത്. ഒരർഥത്തിൽ ഏകലവ്യ ഗുരുസങ്കൽപം. കർണനാണ് പ്രിയപ്പെട്ട കഥാപാത്രമെന്ന് ആദ്യമേ പറഞ്ഞല്ലോ. വീരശൂരപരാക്രമിയായിട്ടും അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പാർശ്വവൽക്കരിക്കപ്പെട്ട ഒരാളോടുള്ള സഹാനുഭൂതിയാണ് ആ ഇഷ്ടത്തിന്‍റെ നിദാനം. സ്വന്തം ജീവിതാനുഭവങ്ങൾ ഇടക്ക് കർണനുമായി താദാത്മ്യപ്പെടുന്നുവെന്ന് സ്വയം ഏറ്റു പറഞ്ഞിട്ടുമുണ്ട്. എല്ലാ യോഗ്യതകളുണ്ടായിട്ടും നിർണായക ഘട്ടങ്ങളിൽ പലതും നഷ്ടപ്പെടേണ്ടി വന്നതിന്റെ സങ്കടങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അധികാര നഷ്ടം ഇപ്പോൾ മനഃപ്രയാസമില്ലാതെ തരണം ചെയ്യാനുള്ള കരുത്തും പക്വതയും നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. ക്ഷിപ്രകോപമാണ് ദൗർബല്യം. ഗംഭീര വിജയവുമായി യു.ഡി.എഫിനെ അധികാരത്തിലേക്ക് നയിച്ചതിനുശേഷം കേരളത്തിന്റെ പുതിയ ‘ലീഡർ’ ആകാനാണോ അതോ കർണനെപ്പോലെ നിർണായക വിജയങ്ങൾക്കുശേഷം അവഹേളിതനും ബഹിഷ്കൃതനുമാകാനാണോ ഹൈകമാൻഡ് വിധിയെന്ന് വരും ദിവസങ്ങളിൽ കേരളം കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.