പാലക്കാട്: സി.പി.ഐക്കെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും സംസാരിച്ച സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാറിനെ തള്ളി സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു.
സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ളത് സഹോദര തുല്യമായ ബന്ധമാണ്. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സി.പി.എം തള്ളിക്കളയുമെന്ന് സുരേഷ് ബാബു പറഞ്ഞു. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല. സി.പി.ഐയും സി.പി.എമ്മും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. എസ് അജയ്കുമാർ പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും. അതു പോലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐയേയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് എസ്. അജയകുമാർ സംസാരിച്ചത് നേരത്തേ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെതിരെ പാലക്കാട് സി.പി.ഐ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം അജയകുമാർ പറഞ്ഞത്. തോറ്റാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം സി.പി.എമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സി.പി.ഐക്കുമാണ് എന്നതാണ് സമീപനം. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സി.പി.ഐക്കാർക്കുള്ളതെന്നും അജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.