സ്വാശ്രയ കോളജുകളുടെ ഹുങ്ക് ചോദ്യം ചെയ്യാന്‍ സര്‍ക്കാറിന് കഴിയുന്നില്ല –ഹമീദ് വാണിയമ്പലം

വടകര: സ്വാശ്രയ കോളജുകളുടെ മാടമ്പിത്തരത്തെയും ഹുങ്കിനെയും ചോദ്യം ചെയ്യാന്‍ കേരള സര്‍ക്കാറിന് കഴിയുന്നില്ളെന്നും ജിഷ്ണു പ്രണോയിയുടെ കുടുംബം നീതിതേടി നടത്താനൊരുങ്ങുന്ന സത്യഗ്രഹ സമരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ജില്ലാ മണ്ഡലം ഭാരവാഹികളുടെ രാഷ്ട്രീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളജുകളുടെ മാടമ്പിത്തരത്തെക്കുറിച്ച് ചോദിച്ചാല്‍ തന്‍െറ ഉത്തരവാദിത്തമല്ല ഇതെന്ന ലജ്ജാകരമായ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്.

കേരളത്തിലെ വിദ്യാര്‍ഥികളുടെ വസന്തങ്ങളെ അടിച്ചൊതുക്കുന്ന ഇടിമുറികളാണ് സ്വാശ്രയ കോളജുകളിലുള്ളതെങ്കില്‍ സര്‍ക്കാര്‍ കോളജുകളില്‍ എസ്.എഫ്.ഐ വക ഇടിമുറിയാണ്. യൂനിവേഴ്സിറ്റി കോളജിലും മടപ്പള്ളി കോളജിലും അടക്കം നിരവധി കാമ്പസുകളില്‍ ഈ ഗുണ്ടായിസമുണ്ട്.
ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് കേന്ദ്ര  കേരള സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. നോട്ടു നിരോധത്തിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന സര്‍ക്കാറാണ് തന്‍േറതെന്ന് നരേന്ദ്ര മോദി തെളിയിച്ചിരിക്കുന്നു. വിലക്കയറ്റവും തൊഴില്‍ ലഭ്യതക്കുറവും രൂക്ഷമാകുകയാണ്. വര്‍ഗീയതയെ ഉദ്ദീപിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പിണറായി സര്‍ക്കാറാകട്ടെ എല്ലാ ജനകീയ പ്രശ്നങ്ങളില്‍നിന്നും ഒളിച്ചോടുന്നു. ജനപക്ഷത്തുനിന്ന് പോരാടാന്‍ പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയാണുള്ളത്. ജനങ്ങളുടെ ശബ്ദമായി വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ പോരാട്ട രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസമായി നടന്നുവരുന്ന രാഷ്ട്രീയ ശില്‍പശാലയില്‍ സിജി പ്രസിഡന്‍റ് അബ്ദുല്‍ സലാം, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, റസാഖ് പാലേരി, ശശി പന്തളം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സജീദ് ഖാലിദ്, എസ്. ഇര്‍ഷാദ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ജബീന ഇര്‍ഷാദ്, ജോസഫ് ജോണ്‍, പി.സി. ഭാസ്കരന്‍, അസ്ലം ചെറുവാടി, ടി.കെ. മാധവന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ളാസുകള്‍ നയിച്ചു.

 

Tags:    
News Summary - welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.