കേന്ദ്ര സർക്കാരി​െൻറ പുതിയ വിദ്യാഭ്യാസ നയം ഫെഡറലിസം തകർക്കാനും വംശീയത വളർത്താനും - ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിൻ്റെ ഫെഡറൽ സ്വഭാവം തകർക്കുകയും വംശീയത വളർത്തുകയും ചെയ്യുന്നതാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസം കേന്ദ്രം ഏകപക്ഷീയമായി കയ്യടക്കാനുള്ള ശ്രമമാണ് പ്രകടമാവുന്നത്. പാർലമെൻ്റിനെപ്പോലും മറികടന്നാണ് ഈ നയം സർക്കാർ നടപ്പാക്കുന്നത്. യു.ജി.സി, എ.ഐ.സി.ടി.ഇ. തുടങ്ങിയ കേന്ദ്രീയ വിദ്യാഭ്യാസ ഏജൻസികളെ ഇല്ലാതാക്കുന്നതും ഉപരി പഠനം പ്രധാനമന്ത്രി അധ്യക്ഷനായ കമ്മീഷനു കീഴിലാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും ഫെഡറലിസത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യും.

1986 ലെ ദേശീയ വിദ്യാഭ്യാസ നയം അടിമുടി പൊളിച്ചെഴുതി രൂപപ്പെടുത്തിയ പുതിയ നയത്തിലൂടെ നിലവിലുള്ള 12 വർഷത്തെ സ്കൂൾ പഠനത്തിന് പകരം മൂന്ന് കൊല്ലത്തെ പ്രീ സ്കൂൾ കൂടി സ്കൂൾ പഠനത്തിൻ്റെ ഭാഗമാക്കി മാറ്റുകയും സ്കൂൾ ദൈർഘ്യം 15 കൊല്ലമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. നാലു ഘട്ടങ്ങലായി സ്കൂൾ വിദ്യാഭ്യാസത്തെ പൊളിച്ചെഴുതുന്ന ഘടനാ മാറ്റത്തിലൂടെ എന്ത് ഗുണമേന്മയാണ് ഉണ്ടാവുക എന്ന് കേന്ദ്ര സർക്കാറിന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.

വിദ്യാർഥികൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന പ്രാദേശിക - വിദേശ ഭാഷകളെ കുറിച്ച് മൗനം പാലിക്കുകയും സംസ്കൃത പഠനം സ്കൂൾ - കോളേജ് തലങ്ങളിൽ നിർബന്ധമാക്കുകയും ചെയ്യുന്നതിലൂടെ സർക്കാറിൻ്റെ രാഷ്ട്രീയ - വംശീയ അജണ്ടയാണ് വെളിപ്പെടുന്നത്. ആറാം ക്ലാസ് മുതൽ തൊഴിൽ പഠനം നിർബന്ധമാക്കുന്നത് കമ്പോളത്തിലേക്ക് വേണ്ട തൊഴിൽ ശക്തിയെ വാർത്തെടുക്കുക എന്ന കോർപ്പറേറ്റ് അജണ്ടയുടെ ഭാഗമാണ്. ഇതിലൂടെ വിദ്യാർത്ഥികൾ കേവല തൊഴിലാർഥികളായി പരിമിതപ്പെടും. മുഴുവൻ സ്കൂളുകൾക്കും കോളജുകൾക്കും ഒരേ രീതിയിലുള്ള ഗ്രേഡ് സമ്പ്രദായവും അക്രഡിറ്റേഷനും കൊണ്ട് വരുന്നത് പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കുകയും ഇത് ആദിവാസി ദലിത് പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. രാജ്യം ഇതുവരെ നേടിയെടുത്ത വിദ്യാഭ്യാസ നന്മകളെ നിലനിർത്തി പുതിയ വികാസത്തിന് പറ്റും വിധം പുതിയ നയം രൂപപ്പെടുത്തുന്നതിന് പകരം വിദ്യാഭ്യാസത്തിൻ്റെ കേന്ദ്രീകരണം, വർഗ്ഗീയവൽകരണം, കമ്പോളവൽകരണം എന്നിവ സാധ്യമാക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പുതിയ നയം കൊണ്ടു വന്നിരിക്കുന്നത്. പാർലമ​െൻറിനെയും ജനാധിപത്യ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി രാജ്യത്തി​​െൻറ ഭാവികൊണ്ട് കളിക്കുകയാണ് കേന്ദ്ര സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare party statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.