തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടി ശരിവെച്ച സുപ്രീംകോടതി വിധി കേരളത്തിലെ ഭൂസമരങ്ങൾക്ക് കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ വൻകിട കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ സർക്കാർ തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാട്ടക്കരാറിന് വിരുദ്ധമായി സർക്കാർ ഭൂമി മറ്റൊരാൾക്ക് കീഴ്പാട്ടം നൽകിയതാണ് ഭൂമി ഏറ്റെടുക്കാൻ കാരണമായത്. ഈ നടപടി കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തങ്കിലും രാജ്യത്തെ പരമോന്നത കോടതി കരാർ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന ഉത്തരവാണ് പുറപ്പെടിവിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന എസ്റ്റേറ്റ് ഭൂമികളും പാട്ടക്കാലാവധി കഴിഞ്ഞതോ കരാർ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയവയോ ആണ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ ഹാരിസൺ, ടാറ്റ അടക്കമുള്ള വൻകിട കൈയേറ്റക്കാരുടെ കൈവശമുള്ള ഭൂമി സർക്കാരിന് ഏറ്റെടുക്കാൻ വഴി തുറന്നിരിക്കുന്നു.
നെല്ലിയാമ്പതിയിൽ ഏറ്റെടുത്ത ഭൂമി ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും വിതരണം ചെയ്യാൻ സർക്കാർ സന്നദ്ധമാകണം. നിഷേധിക്കപ്പെട്ട സമൂഹ്യ നീതി വൈകിയാണെങ്കിലും നടപ്പിലാക്കുന്നതിന് ഇത്തരം നടപടികൾ സഹായകമാകും. കേരളത്തിലെ ഭൂരിഭാഗം തോട്ടങ്ങളും സർക്കാറുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായും കരാർ കലാവധി കഴിഞ്ഞുമാണ് കമ്പനികൾ കൈവശം വെച്ചിരിക്കുന്നത്. ഇത്തരം ഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായി യാതൊരു തടസ്സങ്ങളുമില്ല. സംസ്ഥാനത്തെ ഭൂ പ്രക്ഷോഭകർ ഉയർത്തിയ രാഷ്ട്രീയ ആവശ്യമാണ് സുപ്രീം കോടതി വിധിയിലൂടെ ശരിവെക്കപ്പെട്ടതെന്നും കെ.എ ഷഫീഖ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.