പോസ്റ്റൽ വോട്ട്: നടപടിക്രമങ്ങൾ സമ്പൂർണമായി റെക്കോർഡ് ചെയ്യണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറൻറീനിൽ കഴിയുന്നവരുടെയും സ്പെഷ്യൽ പോസ്റ്റൽ വോട്ട് സംബന്ധിച്ച് അനേകം അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഇതു സംബന്ധമായി നടക്കുന്ന നടപടിക്രമങ്ങൾ സമ്പൂർണമായി റിക്കോർഡ് ചെയ്തു സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പ്രത്യേക പോസ്റ്റൽ ബാലറ്റ് അനുവദിച്ച വോട്ടർമാർക്ക് പോളിംഗ് ഓഫീസർമാർ ക്വാറൻറീൻ സ്ഥലത്തെത്തി ബാലറ്റ് കൈമാറുന്ന രീതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. ഈ സന്ദർഭത്തിൽ സ്ഥാനാർഥിയുടേയോ പ്രതിനിധിയുടേയോ സാന്നിധ്യം ഉണ്ടാകുന്നതിനുള്ള അവസരം കമ്മീഷൻ ഉറപ്പാക്കണം.

പോസ്റ്റൽ ബാലറ്റ് കൈമാറുന്നതും വോട്ട് ചെയ്തു സീൽ ചെയ്ത കവറുകൾ തിരികെ ഏൽപ്പിക്കുന്നതുമായ നടപടിക്രമങ്ങൾ സമ്പൂർണമായി റെക്കോർഡ് ചെയ്യുന്നത് പോസ്റ്റൽ വോട്ട് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമത്തിലെ സുതാര്യതയ്ക്കും രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പിക്കാനും ഇത് സംബന്ധമായ വ്യക്തമായ മാർഗനിർദേശം രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വെൽഫെയർ പാർട്ടി നിവേദനം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.