എന്‍.പി.ആര്‍ നിര്‍ത്തിവെയ്ക്കണം- വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : പൗരത്വ രജിസ്റ്ററിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പൗരത്വ രജിസ്റ്ററി​​െൻറ പ്രാഥമിക വിവരമായി കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുന്ന എന്‍.പി.ആര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. എന്‍.പി.ആറുമായി മുന്നോട്ട് പോകുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം രാജ്യത്തോടുള്ള വെല്ലുവിളിയാണ്. കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര്‍ നിര്‍ത്തിവെച്ച മാതൃകയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം.

13 സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സിയുമായി വിയോജിച്ചിട്ടുണ്ട്. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കളവാണ്. 2014 ജൂലൈയില്‍ രാജ്യസഭയില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നല്‍കിയ വിശദീകരണത്തില്‍ എന്‍.പി.ആറില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വ്യക്തിയുടെ പൗരത്വ സ്ഥിതി പരിശോധിച്ച് എന്‍.ആര്‍.സി തയാറാക്കുമെന്നാണ് പറഞ്ഞത്.

എന്‍.പി.ആര്‍ വിവരശേഖരണം നടത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് തെളിവു നല്‍കേണ്ട, വിവരങ്ങല്‍ നല്‍കിയാല്‍ മതി എന്നു പറയുന്നുണ്ടെങ്കിലും അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ സംശയാസ്പദമാണോ വ്യക്തിയുടെ പശ്ചാത്തലം സംശയാസ്പദമാണോ എന്ന വിവരം ഫോറത്തില്‍ എഴുതേണ്ട ഉത്തരവാദിത്തം എന്യൂമറേറ്റര്‍മാര്‍ക്കുണ്ട്. എന്‍.ആര്‍.സി തയാറാക്കുന്നുവെങ്കില്‍ ഈ സംശയം നീക്കിക്കൊടുക്കാന്‍ പാകത്തിലുള്ള രേഖ വ്യക്തി സമര്‍പ്പിക്കേണ്ടിവരും.

എന്‍.പി.ആര്‍ നിര്‍ത്തിവെയ്ക്കുകയും എന്‍.ആര്‍.സിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയുമാണ് വേണ്ടത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസംബര്‍ 26,27,28 തീയതികളിലായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകല്‍ ഉപരോധിക്കും. പാര്‍ട്ടി നേരിട്ടും വിവിധ കൂട്ടായ്മകളുമായി സഹകരിച്ചും പ്രക്ഷോഭവുമായി മുന്നോട്ട് പോകും. കേരളത്തില്‍ എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനം അവസാനിപ്പിക്കണം. പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Welfare party NPR-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.