സംസ്ഥാനത്ത് മദ്യം ഒഴുക്കാനുളള ശ്രമത്തിൽ നിന്ന് സർക്കാർ പിൻമാറണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡ്- 19 നിയന്ത്രണത്തിന്റെ ഭാഗമായി മദ്യവിൽപ്പന നിർത്തി വെച്ച സാഹചര്യം പ്രയോജനപ്പെടുത്തി മദ്യ രഹിത സമൂഹം സൃഷ്ടിക്കാനുള്ള അവസരം ഇല്ലാതാക്കി കേരളത്തിൽ വീണ്ടും മദ്യം ഒഴുക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഷാപ്പുകളിൽ നിന്ന് പാത്രങ്ങളിൽ കള്ള് വിതരണം ചെയ്ത സർക്കാർ ഇപ്പോൾ ബാറുകളിൽ നിന്ന് മദ്യത്തിന്റെ പാർസൽ വിൽപ്പനക്കായി അബ്കാരി നിയമം ഭേദഗതി ചെയ്തിരിക്കുന്നു. ഇത് വീണ്ടും മദ്യം വ്യാപകമാകുന്നതിന് വഴിയൊരുക്കും. ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം നൽകി ജനങ്ങളെ മദ്യത്തിൽ മുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബാറുടമകൾക്ക് വൻ ലാഭം കൊയ്യാൻ അവസരമൊരുക്കി മദ്യ ലോബിയോടുളള വിധേയത്വം ഇതിലൂടെ സർക്കാർ പ്രകടമാക്കിയിരിക്കുന്നു.

ലോക് ഡൗൺ കാലത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് ഫീ അടക്കാനുള്ള സൗകര്യം അനുവദിച്ച് മദ്യവർജ്ജനമല്ല മദ്യ വ്യാപനമാണ് തങ്ങളുടെ നയം എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മദ്യപാന ശീലത്തിന് അടിപ്പെട്ട മദ്യപാനികളുടെ വ്യക്തിപരമായ നിലപാടായിട്ടല്ല ജനക്ഷേമം ലക്ഷ്യ വെക്കുന്ന ഒരു സർക്കാരിന്റെ ഭരണ നയമായിട്ടാണ് മദ്യവർജ്ജനം മാറേണ്ടത്.

അതിന് പകരം ജനങ്ങളുടെ മദ്യപാനശീലം വൻ വരുമാനത്തിനുള്ള മാർഗ്ഗമായി കാണുന്ന അധപതിച്ച നടപടിയാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. മദ്യ ലഭ്യത വർദ്ധിപ്പിച്ച് ആദ്യം ജനങ്ങളെ മദ്യാസക്തരാക്കുകയും മദ്യപാനികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തിട്ട് പിന്നീട് മദ്യത്തിന് ഭീമമായ നികുതി ചുമത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന ചൂഷക ശക്തിയായി സർക്കാർ മാറിയിരിക്കുന്നു. എന്നിട്ട് വിമുക്തി പ്രചാരണം നടത്തി ജനങ്ങളെ വിഢികളാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ആയിരക്കണക്കിന് കുടുംബങ്ങൾ നേടിയെടുത്ത സ്വസ്ഥത തകർക്കുന്ന ഇടതു സർക്കാറിന്റെ മദ്യ വ്യാപന നയത്തിനെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Welfare party on liquor ban-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.