ശബരിമല ക്ഷേത്രം, കേരള ഹൈകോടതി
കൊച്ചി: 2019ലെ നവീകരണത്തിനുശേഷം തിരിച്ചെത്തിച്ച ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ സ്വർണത്തിന്റെ അളവ് കുറഞ്ഞത് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി. ശ്രീകോവിലിന് മുന്നിലെ ശിൽപങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും അറ്റകുറ്റപ്പണി കഴിഞ്ഞ് തിരിച്ചെത്തിച്ചപ്പോൾ സ്വർണവും ചെമ്പുമടക്കം നാലുകിലോഗ്രാം കുറഞ്ഞെന്ന കണ്ടെത്തലിനെത്തുടർന്നാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ (പൊലീസ് സൂപ്രണ്ട്) അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നതായി പറയുന്ന പഴയ ദ്വാരപാലക ശിൽപങ്ങളുടെ നിജസ്ഥിതി കണ്ടെത്തി 10 ദിവസത്തിനകം അറിയിക്കാനും ആവശ്യപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച രേഖകളും ആറന്മുളയിലെ തിരുവാഭരണം കമീഷണർ ഓഫിസിൽനിന്ന് വിജിലൻസ് പിടിച്ചെടുത്ത മഹസറുമടക്കം പരിശോധിച്ചാണ് ക്രമക്കേടുകൾ നടന്നതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ദ്വാരപാലകരുടെ ചെമ്പ് ആവരണങ്ങളിലും താങ്ങുപീഠങ്ങളിലും 1999ൽതന്നെ സ്വർണാവരണം (ക്ലാഡിങ്) ഉണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. 2019ൽ കേസിലെ കക്ഷിയും ശിൽപങ്ങളിൽ സ്വർണം പൂശുന്നതിന്റെ സ്പോൺസറുമായ ഉണ്ണികൃഷ്ണൻ പോറ്റി മുൻകൈയെടുത്താണ് സ്വർണപ്പാളികൾ നവീകരണത്തിനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്. പാളികളും പീഠങ്ങളും ഇളക്കിയ സമയത്ത് ആകെ 42.800 കിലോയാണ് ഭാരം രേഖപ്പെടുത്തിയത്. എന്നാൽ, സന്നിധാനത്ത് തിരിച്ചെത്തിച്ച് ഘടിപ്പിച്ചപ്പോൾ 38.653 കിലോ മാത്രമാണുണ്ടായിരുന്നത്.
തൂക്കക്കുറവുണ്ടായിട്ടും അത് മഹസറിൽ രേഖപ്പെടുത്താതിരുന്നതിനെ കോടതി വിമർശിച്ചു. പെട്രോളാണെങ്കിൽ മനസ്സിലാക്കാം, സ്വർണം എങ്ങനെ ആവിയായിപ്പോകുമെന്ന് കോടതി ചോദിച്ചു. പഴയ നവീകരണത്തിനുശേഷം സ്വർണത്തിൽ കുറവ് വന്നതോടെ സ്വർണപ്പാളികളുടെ ഇപ്പോഴത്തെ അറ്റകുറ്റപ്പണി സംബന്ധിച്ചും സംശയമുയർന്നിരിക്കുകയാണ്. ശബരിമല സ്പെഷൽ കമീഷണറെ അറിയിക്കാതെയാണ് പാളികൾ കൊണ്ടുപോയത്. സ്ട്രോങ് റൂമിലെ ശിൽപങ്ങളിൽനിന്ന് സ്വർണമെടുത്താൽ ചെലവ് കുറക്കാമെന്ന സ്പോൺസറുടെ കത്തും ദുരൂഹതയുയർത്തുന്നതാണെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.