തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹമെന്ന് മുസ്‍ലിം ലീഗ്. വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിൽ സന്തോഷം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനമാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിരുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് കേരള ജനതയോടൊപ്പം മുസ്‍ലിം ലീഗും പരിപൂർണമായി അംഗീകരിക്കുന്നുവെന്നും മുസ്‍ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നല്ല ഭരണം നടത്താൻ സതീശന് സാധിക്കും. ടീം യു.ഡി.എഫ് എന്നായിരുന്നു സതീശൻ എപ്പോഴും പറഞ്ഞത്. അതുകൊണ്ടുതന്നെ ടീം യു.ഡി.എഫ് ആയിരിക്കും അടുത്ത അഞ്ചുവർഷം കേരളം ഭരിക്കുക. എ.ഐ.സി.സിയുടേതാണ് അന്തിമ തീരുമാനം. ഹൈക്കമാൻഡ് ജനാധിപത്യപരമായ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനമെടുത്തത്. എല്ലാ ജനാധിപത്യ വശങ്ങളും അവർ ചർച്ചചെയ്തു. ഘടക കക്ഷികളുടെ തീരുമാനവും അഭിപ്രായവും അറിയുന്നതിനായി ഒന്നിലേറെ തവണ അവർ വിളിച്ചിരുന്നുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കോൺഗ്രസിന്റേതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നതിന് ശേഷം ബാക്കി തീരുമാനങ്ങൾ അറിയിക്കാമെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉടൻ തന്നെ യു.ഡി.എഫ് യോഗം ചേരും. മുസ്‍ലിം ലീഗിന്റെ മന്ത്രിമാരെ വൈകാതെതന്നെ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.