സുരേഷ് ഗോപി

തുരങ്കപാത ഗുണകരമായ പ്രവർത്തനം; ദുരന്തത്തിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ, ഞാൻ ഉണ്ടയില്ലാ വെടിപൊട്ടിക്കുന്നത് എന്തിനാണ്? -സുരേഷ് ഗോപി

കൽപറ്റ: തീർത്തും അലംഭാവം കൊണ്ടാണ് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായതെന്നാണ് അന്വേഷണത്തിൽനിന്ന് താൻ മനസ്സിലാക്കിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തം വിളിച്ചുവരുത്തിയതാണ് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. അതിനുള്ള നടപടികൾ ഉടൻ മുഖ്യമന്ത്രി കൈക്കൊള്ളും എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘ആരുടെ ഭാഗത്തുനിന്ന് അലംഭാവം വന്നു എന്നതൊക്കെ കൃത്യമായിട്ട് സർക്കാരിന് അറിയാം. അത് സർക്കാർ പറയട്ടെ. ഞാൻ അതിൽ ഭാഗവാക്ക് അല്ല. ഞാൻ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രി ഉത്തരവാദിത്വത്തോടെ അത് കണ്ടെത്തി അതിന് മറുപടി നൽകും. തുരങ്കപാത പ്രൊജക്റ്റ് റിവ്യൂ നടന്നോ ഇല്ലയോ എന്നുള്ളത് മുഖ്യമന്ത്രി പറയട്ടെ. പൂർവമുഖ്യമന്ത്രിയാണ് ഇത് തുടങ്ങി വെച്ചത്. നിലവിലുള്ള മുഖ്യമന്ത്രി അതിന് മറുപടി പറയട്ടെ.

പരിസ്ഥിതി പഠനം നടത്താതെ തുരങ്കപാത നിർമാണം തുടങ്ങാൻ ഇവിടുത്തെ പ്രകൃതി സ്നേഹികളും എൻ.ജി.ഒകളും അനുവദിക്കുമോ? അവരും അനുവദിച്ചോ? ഇതൊക്കെ ചോദ്യങ്ങളല്ലേ. ഇതൊന്നും തൊലിപ്പുറ ചോദ്യങ്ങൾ അല്ലല്ലോ. ആഴത്തിലുള്ള ചോദ്യങ്ങളല്ലേ. അതിനൊക്കെ ഉത്തരം കണ്ടെത്തട്ടെ.

കോഓപ്പറേറ്റീവ് ഫെഡറലിസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു കാര്യവും ഞാൻ പറയില്ല. മുഖ്യമന്ത്രി പറയട്ടെ. ഇത് നടക്കുന്നത് കേരളത്തിലുമാണ് വയനാട്ടിലുമാണ്. വയനാടിന്റെ ഒരു ഡെലിക്കേറ്റ് സിറ്റുവേഷൻ, സോയിൽ സ്ട്രക്ച്ചർ ഇതിനെ സംബന്ധിച്ചൊക്കെ 2021ൽ ഘോരം ഘോരം രാജ്യസഭയിൽ വിളിച്ചു പറഞ്ഞതല്ലേ. അതിനു മുമ്പ് എത്രപേർ അതിനെക്കുറിച്ച് പറഞ്ഞു. അതിനുശേഷം ഒരു നടപടി ഉണ്ടായതും ഏതാണ്ട് 1800ഓളം അനധികൃത കെട്ടിട നിർമ്മാണങ്ങൾ ഉണ്ടായതിനെ സംബന്ധിച്ച് ഫയൽ അടക്കം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കൊടുത്തതിന്റെ നടപടികൾ അവിടെ തുടങ്ങിക്കഴിഞ്ഞു. അതിനെയും എതിർത്തു വരുന്നവരുണ്ട്. കേരളത്തിൽ അത് നടപ്പിലാക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. അന്നത്തെ മുഖ്യമന്ത്രി അത് ചെയ്തോ ഇല്ലയോ എന്നുള്ളത് പരിശോധിക്കുക. ഇപ്പോഴത്തെ മുഖ്യമന്ത്രി അതിന് ആർജവം കാട്ടുമോ എന്നും നിങ്ങൾ അന്വേഷിക്കുക.

തുരങ്കപാത വളരെ വളരെ ഗുണകരമായ ഒരു പ്രവർത്തനമാണെന്നാണ് മനസ്സിലാക്കുന്നത്. കൽക്കരി ഖനികളിലൊക്കെ എന്തെല്ലാം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ആ അപകടങ്ങൾ ഇല്ലാ​തിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സിസ്റ്റംസ് ഇന്നുണ്ട്. അത് നമ്മുടെ ലേബർ ക്ലാസിന് വന്നിട്ടുണ്ടോ, അവർ സ്കിൽഡ് ആണോ, പെട്ടെന്ന് ജോലി തീർക്കാൻ വേണ്ടി ആരെയെങ്കിലും ഒക്കെ വിളിച്ച് പണിയെടുപ്പിക്കുന്നതിനകത്ത് വീഴ്ച ഉണ്ടോ എന്ന് നോക്കണം.

ഇപ്പോ നാഷണൽ ഹൈവേയിലും ആ വീഴ്ച ഉണ്ടായിട്ടുണ്ട്. നമ്മൾ എല്ലാ സ്കാനിങ്ങും കഴിഞ്ഞാണ് ഒരു ടെൻഡർ നൽകുന്നത്. ആ ടെൻഡർ എടുക്കുന്ന കോൺട്രാക്ടിങ് ഏജൻസിക്ക് ലോക നിലവാര സൂചികയിലൊക്കെ വലിയ സ്ഥാനമുള്ള ആൾക്കാരായിരിക്കും. പക്ഷേ, ആരാണ് ഈ റോഡ് പണിയുന്നത്. അതിനെ സംബന്ധിച്ച് എന്ത് സ്കാനിങ് ആ ഉള്ളത്. ലോക്കൽ കോൺട്രാക്ടേഴ്സ് ഒക്കെ അതിനകത്ത് വരുന്നു. എന്തുതരം മണ്ണാണ് ഈ പറയുന്ന ഹൈ റേസ്ഡ് സ്ട്രക്ച്ചഴ്സ് വരുമ്പോൾ അതിനകത്ത് നിറക്കാൻ ഉപയോഗിച്ചത്. ഇതെല്ലാം ഒരു നിതിൻ ഗഡ്കരിക്ക് ഇവിടെ വന്ന് പരിശോധിക്കാൻ പറ്റുമോ? അങ്ങനെ എത്ര ലക്ഷം കിലോമീറ്റർ അദ്ദേഹത്തിന് പോയി പരിശോധിക്കാനാവും? അതുപോലെ തന്നെയല്ലേ മുഖ്യമന്ത്രിയുടെ കാര്യം. ഒരു പ്രോജക്റ്റ് മുന്നോട്ടു പോകേണ്ടതാണെങ്കിൽ തീർച്ചയായിട്ടും അത് മുന്നോട്ട് പോകണം’ -സുരേഷ് ഗോപി പറഞ്ഞു. 

Tags:    
News Summary - Wayanad Tunnel road is beneficial work; CM should answer on disaster, why should I shoot blanks - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.