കൽപറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് ഇന്ന് വൈകീട്ടോടെ പൂർണമായും നീക്കം ചെയ്യുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ദുരന്തം സംബന്ധിച്ച അന്വേഷണത്തിലും മരിച്ചവർക്കുള്ള ധനസഹായത്തിലുമടക്കം സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും ഇന്ന് തന്നെ അവരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ടി. സിദ്ദീഖ് എം.എൽ.എയും പറഞ്ഞു.
നാല് മേഖലകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നതെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. മഴ ശക്തമല്ലെങ്കിൽ ഇന്ന് വൈകീട്ടോടെ തന്നെ പ്രദേശം പൂർവസ്ഥിതിയിലാക്കാൻ സാധിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യന്ത്രസാമഗ്രികൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പൊലീസ് ഉൾപ്പെടെയുള്ള പുതിയ സംഘത്തെയാണ് ഇന്നത്തെ തിരച്ചിലിനായി നിയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉച്ചയോടെ ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നും ടി. സിദ്ദീഖ് പറഞ്ഞു.
പുലർച്ചെ നാല് മണിയോടെ തന്നെ റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നു. മൺതിട്ടയായിരുന്നു വലിയ പ്രതിസന്ധിയായിരുന്നത്. ഉച്ചക്ക് ഒരു മണിയോടെ ആംബുലൻസുകളിൽ കൊച്ചിയിലെത്തിച്ച് അവിടെനിന്ന് വ്യോമമാർഗം മൃതദേഹങ്ങൾ അതത് സ്ഥലങ്ങളിലേക്ക് അയക്കും. കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ തുടരുകയാണ്. എൻ.ഡി.ആർ.എഫ് തയ്യാറാക്കിയ സ്കെച്ചിങ് പ്രകാരമാണ് തിരച്ചിൽ. അവർക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിച്ചുനൽകിയിട്ടുണ്ട്. കെഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയും ജീവനുള്ളവർക്കായുള്ള തെരച്ചിലും ഇന്ന് ശക്തമായി നടക്കുമെന്നും ടി. സിദ്ദീഖ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.