ഉരുൾദുരന്തം: വാണിജ്യ കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം; ആശങ്കയൊഴിയാതെ ഉടമകൾ
കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള നഷ്ടപരിഹാരം നൽകാൻ ജില്ലാ കോഓഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തെങ്കിലും കെട്ടിട ഉടമകളുടെ ആശങ്ക ഒഴിയുന്നില്ല. കെട്ടിട നമ്പർ ഉണ്ടായിരുന്ന കെട്ടിടങ്ങൾക്കും ലൈസൻസ് ഉണ്ടായിരുന്ന സംരംഭകർക്കുള്ള നഷ്ടപരിഹാര വിതരണമാണ് ഉടൻ ആരംഭിക്കുക. എന്നാൽ, സർക്കാർ കണക്കിൽപെടാത്ത മാനദണ്ഡങ്ങൾ മൂലം പുറത്താകുന്ന കെട്ടിട ഉടമകളാണ് പ്രതിസന്ധിയിലായത്.
കെട്ടിട നമ്പർ ഇല്ലാത്ത കെട്ടിടങ്ങൾ, പെർമിറ്റോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾ, പെർമിറ്റോ ലൈസൻസോ ആവശ്യമില്ലാതിരുന്ന സ്ഥാപനങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രാദേശിക അന്വേഷണം നടത്തി പ്രസക്തമായ തെളിവുകൾ ശേഖരിച്ച് അർഹരായവർക്ക് നഷ്ടപരിഹാരം നൽകാൻ തുടർനടപടി സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ആദ്യഘട്ടത്തിൽ കെട്ടിട നമ്പറുള്ള കെട്ടിടങ്ങളുടെ പട്ടിക വിശദമായ പരിശോധന ആരംഭിച്ചതായും ഇത് പൂർത്തിയാക്കിയവർക്കുള്ള നഷ്ടപരിഹാരമാണ് വിതരണം ചെയ്യുകയെന്നും തുടർന്ന് നമ്പർ ഇല്ലാത്തവയുടെയും ലൈസൻസ് ഇല്ലാത്തവയുടെയും കേസുകൾ വിശദമായി പഠിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്.
2024 ജൂലൈ 30ന് പുലര്‍ച്ചെ 1.15നും മൂന്നുമണിക്കും ഇടക്കുണ്ടായ ഉരുള്‍പൊട്ടലിൽ നാടൊന്നാകെയാണ് ഒലിച്ചുപോയത്. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ വീട് നിർമിക്കാൻ വാങ്ങിയ അഞ്ചും പത്തും സെന്റുമടക്കം കൃഷി ചെയ്തുവന്ന ഏക്കറുകണക്കിന് സ്ഥലങ്ങളുമാണ് ഒന്നും ബാക്കിയാക്കാതെ ഒലിച്ചുപോയത്. എന്നാൽ സർക്കാറിന്റെ ആദ്യ കണക്കിൽ വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉരുൾ നക്കിത്തുടച്ച മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായി ഒരു ഏക്കറിന് മുകളിൽ സ്ഥലമുള്ള 20ഓളം പേരുണ്ട്. വീടുവെക്കാനായി ഉള്ളത് വിറ്റുപെറുക്കി അഞ്ചും പത്തും സെന്റും വാങ്ങിയവരുമുണ്ട് -50ഓളം പേർ. വരുമാനം കിട്ടുന്നതിനനുസരിച്ച് വീടുവെക്കാമെന്ന സ്വപ്നം കണ്ടവരാണിവർ. എന്നാൽ ഉരുൾപൊട്ടലിൽ ഈ സ്ഥലങ്ങളെല്ലാം ഒലിച്ചുപോയി. 54 പേരുടെ വാടകകെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇതിൽ 150ഓളം കടമുറികളുണ്ടായിരുന്നു. വിപണി വിലയടക്കം കണക്കാക്കിയാൽ ഈയിനത്തിൽ 60 കോടി രൂപയുടെ നഷ്ടമുണ്ടായതായും കെട്ടിട ഉടമകൾ പറയുന്നു.
എന്നാൽ, മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ 48 പേരുടെ ഉടമസ്ഥതതയിലുള്ള 128 വാണിജ്യ കടമുറികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. അർഹരായ 48 കെട്ടിട ഉടമകളിൽനിന്ന് രേഖകൾ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ശേഖരിച്ചിരുന്നു. ഇതിൽ 16 എണ്ണം നോ ഗോ സോണിൽ ഉൾപ്പെടുന്നതും ചൂരൽമല പാലം നിർമാണവുമായി ബന്ധപ്പെട്ട ഏറ്റെടുക്കൽ പരിധിയിൽ വരുന്നതുമാണ്. അടുത്ത ആഴ്ചയോടെ നഷ്ടപരിഹാരത്തുക ഉടമകളുടെ അക്കൗണ്ടുകളിലെത്തുമെന്നാണ് സൂചന. ഇതിനായി കഴിഞ്ഞ 30ന് 5,14,50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറി സർക്കാർ ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.