വീടിന് മുകളിൽ കയറി ജീവനൊടുക്കുമെന്ന് പ്രതിയുടെ ഭീഷണി; മുൾമുനയിൽ പൊലീസും ഫയർഫോഴ്സും
എകരൂൽ: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് വീടിന്റെ മുകളിലും സമീപത്തെ മരത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകളോളം പൊലീസിനെയും അഗ്നിരക്ഷാസേനയെയും മുൾമുനയിൽ നിർത്തി. കൊടുവാളും കല്ലുകളും പൈപ്പും മുളകുപൊടിയുമായി പ്രതിരോധം തീർത്ത യുവാവിനെ ഒടുവിൽ അതിസാഹസികമായാണ് താഴെയിറക്കിയത്.
ഉണ്ണികുളം പഞ്ചായത്ത് എകരൂൽ പൊയിൽപുറായിൽ തെങ്ങിനുകുന്നുമ്മൽ റഫ്നാദ് (31) ആണ് ഞായറാഴ്ച വൈകീട്ട് ഏഴോടെ സ്വന്തം ഇരുനില വീടിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വയനാട്ടിലെ തൊണ്ടർനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ റഫ്നാദിനെ പിടികൂടാനാണ് പൊലീസ് സംഘം എകരൂലിലെത്തിയത്. പൊലീസിനെ കണ്ടതോടെ ഇയാൾ വീടിന്റെ മുകളിലേക്കും തുടർന്ന് വീടിനോട് ചേർന്നുള്ള മരത്തിൽ കയറുകയായിരുന്നു.
ആരും അടുത്തേക്ക് വരാതിരിക്കാൻ കൊടുവാൾ വീശിയും കല്ലുകളും പൈപ്പുകളും മുളകുപൊടിയും ഉപയോഗിച്ച് ആക്രമണം നടത്തിയും ഉദ്യോഗസ്ഥരെ പ്രതിരോധിച്ചു. സ്ഥിതിഗതികൾ സങ്കീർണമായതോടെ വയനാട്ടിൽ നിന്നെത്തിയ പൊലീസ് സംഘം ബാലുശ്ശേരി പൊലീസിന്റെ സഹായം തേടി. നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
കെട്ടിടത്തിന്റെ ഇരുവശങ്ങളിലും ഏണികൾ സ്ഥാപിച്ച് മുകളിലേക്ക് പ്രവേശിക്കുകയായിരുന്നു രക്ഷാസേനയുടെ തന്ത്രം. യുവാവിന്റെ ആക്രമണത്തെ അതിജീവിച്ച് അതീവ ജാഗ്രതയോടെ കെട്ടിടത്തിനു മുകളിലെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ പൊലീസിന്റെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി താഴെയിറക്കി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയ രംഗങ്ങൾക്കുമൊടുവിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് രക്ഷാദൗത്യം പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.