സിസ തോമസിനെ കാലടിയിലെ കസേരയിലെത്തിച്ചത് കെ.ടി ജലീൽ; വിദ്യാർഥി സമരം ശക്തമാകുമ്പോൾ ചർച്ചയായി പഴയ വിവാദങ്ങൾ
തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി സമരങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിൽ, നിലവിലെ വൈസ് ചാൻസലർ സിസ തോമസിന്റെ ഔദ്യോഗിക പദവികളിലേക്കുള്ള കടന്നുവരവിന് പിന്നിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലുകളാണെന്ന ആക്ഷേപം ശക്തമാകുന്നു.
റോജി എം ജോൺ ഇപ്പോൾ ഇരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കസേരയിൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 ആഗസ്റ്റ് 14നാണ് കെ.ടി. ജലീൽ മന്ത്രിയായി ചുമതലയേൽക്കുന്നത്. തുടർന്ന് 2019 മാർച്ച് എട്ടിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തേക്ക് ഒരു നിയമനം നടന്നു. ഇന്ന് കാലടി സംസ്കൃത സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന അതേ വൈസ് ചാൻസലർ സിസ തോമസിനെയായിരുന്നു ആ പദവിയിലേക്ക് എത്തിച്ചത്.
സർക്കാർ എൻജിനീയറിങ് കോളജ് പ്രഫസർ മാത്രമായിരുന്ന അവരെ സാങ്കേതിക വിദ്യാഭ്യാസ വിഭാഗത്തിലെ ഉന്നത പദവിയിലേക്കാണ് നിയമിച്ചത്.
അന്ന് ആ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടത് കണ്ണൂർ എൻജിനീയറിങ് കോളജ് പ്രഫസറും മദ്രാസ് ഐഐടി ഗോൾഡ് മെഡലിസ്റ്റും കെജിഒഎയുടെ സജീവ പ്രവർത്തകയുമായ പ്രഫ. വി.ഐ.ബീന ആയിരുന്നു. അടിയുറച്ച പാർട്ടി കുടുംബത്തിൽനിന്നുള്ളവരായിരുന്നു അവർ.
എഐസിടിഇ ചട്ടങ്ങളിൽ ഇളവുവരുത്തിയാണ് മന്ത്രി ജലീൽ അന്ന് സിസ തോമസിനെ ജോയിന്റ് ഡയറക്ടർ ആക്കിയത്. തന്നെ തരംതാഴ്ത്തിയ നടപടിക്കെതിരെ പ്രഫ. ബീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും, 2020 മാർച്ച് അഞ്ചിന് ഉത്തരവ് അവർക്ക് അനുകൂലമായി ലഭിക്കുകയും ചെയ്തു.
എന്നാൽ മന്ത്രി കെ.ടി. ജലീൽ ആ ഉത്തരവ് നടപ്പാക്കാൻ തയ്യാറായില്ല. തുടർന്ന് ഉത്തരവ് റദ്ദാക്കി കിട്ടാൻ സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്ഥലമാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും ചോദ്യം ചെയ്ത് സമർപ്പിച്ച മുഴുവൻ ഹർജികളും ഒന്നിച്ചു പരിഗണിച്ച് 2020 ഡിസംബർ മൂന്നിനാണ് കോടതി വിധി പ്രസ്താവിച്ചത്.
എ.ഐ.സി.ടി.ഇ ചട്ടങ്ങളിൽ വരുത്തിയ ഇളവുകൾ റദ്ദാക്കിയ ഹൈക്കോടതി, സിസ തോമസിന്റെ ഹർജി തള്ളിക്കളഞ്ഞു. എന്നിട്ടും സിസ തോമസിനെ ആ സ്ഥാനത്തുനിന്ന് നീക്കി പ്രഫ. ബീനയെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ തയ്യാറായില്ല. ഒടുവിൽ കോടതി അലക്ഷ്യകേസ് വരെ പോകേണ്ടി വന്ന സാഹചര്യത്തിൽ, വിരമിക്കുന്നതിന്റെ തലേന്നാണ് ബീനക്ക് ജോയിന്റ് ഡയറക്ടർ പദവി തിരിച്ചുനൽകിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭരണരംഗത്തേക്ക് സിസ തോമസിന്റെ ആദ്യത്തെ കാൽവെപ്പായിരുന്നു ജലീലിന്റെ കാലത്ത് നടന്നത്. പിന്നീട് ഗവർണറുടെ നോമിനിയായും, തുടർന്ന് വിവിധ സർവ്വകലാശാലകളുടെ വി.സി പദവികളിലേക്കും അവർ എത്തിപ്പെട്ടതിന് പിന്നിൽ അന്നത്തെ ഈ നിയമനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാലടി സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർഥി സമൂഹത്തിന് നേരെ തുടരുന്ന നടപടികളുടെ പശ്ചാത്തലത്തിൽ, അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീൽ സംഭവത്തിൽ മറുപടി പറയണമെന്നാണ് ആവശ്യം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.