തലാസീമിയ രോഗം; വിദഗ്ധ ചികിത്സക്ക് കാത്തിരിക്കാതെ നിജീഷ് യാത്രയായി
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ ഹെമറ്റോളജി വിഭാഗത്തിൽ ചികിത്സ തുടങ്ങാനിരിക്കെ കുരുവിശ്ശേരി സ്വദേശി കാദികുളങ്ങര നിജീഷ് (22) യാത്രയായി. പനി ബാധിച്ച് തലാസീമിയ രോഗം മൂർഛിച്ചാണ് നിജീഷിന്റെ വേർപാട്. മരുന്ന് കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കാതായതോടെ ഏറെക്കാലം ജീവൻ രക്ഷാമരുന്ന് മുടങ്ങിയത് കാരണം ഒട്ടുമിക്ക തലസീമിയ രോഗികളുടെ കരളിലും ഹൃദയത്തിലും മറ്റ് സുപ്രധാന ആന്തരികാവയവങ്ങളിലും കയറ്റുന്ന രക്തത്തിൽ നിന്നുള്ള ഇരുമ്പിന്റെ ആധിക്യം വർധിച്ച് അപകടാവസ്ഥയിലായിരുന്നു. ഈ സഹചര്യത്തിലാണ് രോഗികളുടെയും രക്ഷിതാക്കളുടെയും സംഘടനയായ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ബാംഗ്ലൂർ നാരായണ ആശുപത്രിയുടെ സഹകരണത്തോടെ രോഗത്തിന്റെ അപകടാവസ്ഥ വിലയിരുത്തുന്നതിന് കേരളത്തിലെ രോഗികൾക്ക് ബാംഗ്ലൂരിൽ എം. ആർ.ഐ. ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. സ്കാനിങ് റിപ്പോർട്ടനുസരിച്ച് നിജീഷിന്റെ അവസ്ഥ അപകടാവസ്ഥയിലായിരുന്നു. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ തുടരാൻ തീരുമാനിച്ചത്. നിജീഷിന്റെ ഹീമോഗ്ലോബിൻ നിരക്ക് അഞ്ച് ആയിരുന്നു. ഇത്തരം സഹചര്യത്തിൽ രക്തം കൊടുക്കുന്നത് പോലും ഒരു വിദഗ ഹെമറ്റോളജിസ്റ്റിന്റെയും കാർഡിയോളജിസ്റ്റിന്റെയും മേൽനോട്ടത്തിൽ ആവണം. എന്നാൽ നാല് ദിവസം മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലും ഏഴാം വാർഡിലും ഐ.സി.യുവിലുമായി ചികിത്സയിൽ കഴിഞ്ഞെങ്കിലും ഹെമറ്റോളജിസ്റ്റിന്റെ ചികിത്സ ലഭ്യമാക്കുകയോ ഹെമറ്റോളജി കേന്ദ്രത്തിലേക്ക് രോഗിയെ മാറ്റുകയോ ചെയ്തിരുന്നില്ല. ചികിത്സയിലെ പോരായ്മ കാരണം ആറ് മാസത്തിനിടെ മരണപ്പെടുന്ന രണ്ടാമത്തെ തലാസീമിയ രോഗിയാണ് നിജീഷ്. ഇതിന് മുമ്പ് മെഡിക്കൽ കോളജ് ബി.എസ്.സി നഴ്സിങ് വിദ്യാർഥിനി തേജ ലക്ഷ്മിയും മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.