തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികൾ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്.
കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിന്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപറേഷന് മന്ത്രിസഭ അനുമതി നൽകി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് നമ്പർ 183 ലെ കൊല്ലം കോർപ്പറേഷൻ്റെ 3 ഏക്കർ 91 സെന്റ് ഭൂമിയിൽ ഒരു ഇൻഡഗ്രേറ്റഡ് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് (കൊമേഴ്ഷ്യൽ) പ്രോജക്ട് ആരംഭിക്കും. നിർമാണപ്രവൃത്തികൾക്കായി കെ.എസ്.ഐ.ടി.ഐ.എല്ലിനെ സ്പെഷ്യൽ പർപ്പസ്സ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തിൽ ഭരണാനുമതി നൽകി.
കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി.
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (എംപിഐ) കൊല്ലം ജില്ലയിലെ ഏരൂരിലെ മൂല്യവർദ്ധിത ഇറച്ചി ഉത്പന്ന സംസ്കരണ പ്ലാന്റ്റിലേക്ക് 7 വിഭാഗങ്ങളിലായി 27 തസ്തികകൾ സൃഷ്ടിക്കും.
കിഫ്ബിയുടെ ലീഗൽ യൂണിറ്റിൽ ഒരു ലീഗൽ അസിസ്റ്റൻ്റ് തസ്തിക കൂടി സൃഷ്ടിക്കും.
സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.
ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കണം. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കണം.
ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനിച്ചു.
കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയില്‍ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി ,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറാകും. ചീഫ് സെക്രട്ടറി സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനുമാകും.
നദീതടത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്ത്രിതിയുള്ള ജില്ലയിലെ ജില്ലാ കളക്ടര്‍ നദീതടതല സമിതിയുടെ അധ്യക്ഷനാകും. നദീതടത്തിനുള്ളില്‍ വരുന്ന മറ്റ് ജില്ലകളിലെ ജില്ലാകളക്ടര്‍മാര്‍ സഹഅധ്യക്ഷന്‍മാരായിരിക്കും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്ര കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം ഫണ്ട് ഉപയോഗിച്ച് 2 പുതിയ വാഹനങ്ങൾ വാങ്ങാന്‍ അനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.