പ്രതീകാത്മക ചിത്രം

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ (ഞായർ) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‍പെഷ്യൽ ക്ലാസുകൾ, പാരലൽ കോളേജുകൾ എന്നിവക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, മലപ്പുറം ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വയനാട് ജില്ലയിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതുപ്രകാരം, പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ശക്തമായ ഗതാഗതക്കുരുക്കിനും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ, ഒറ്റപ്പെട്ട ഇടങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കൂടാതെ, താമരശ്ശേരി ചുരത്തിൽ ശക്തമായ മഴയും കാഴ്ചമങ്ങുന്ന രീതിയിൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്. അതിനാൽ ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനത്തിന്റെ വേഗത കുറക്കാനും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാനും അനാവശ്യമായ ഓവർടേക്കിങ് ഒഴിവാക്കാനും അധികൃതർ നിർദേശം നൽകുന്നുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതാണ് മഴ ശക്തി പ്രാപിക്കാനുള്ള പ്രധാന കാരണം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി മറ്റൊരു ന്യൂനമർദവുമുണ്ട്. ഇത് 25ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും 26ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘അർണാബ്’ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Red Alert in Kerala: Wayanad Announces Educational Institution Closures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.