എസ്.എം.എ മരുന്ന് വിവാദം; എൻ.എച്ച്.എം നോഡൽ ഓഫിസറുടെ ഇടപെടൽ അന്വേഷിക്കും

തിരുവനന്തപുരം: എസ്.എം.എ മരുന്ന് വിവാദത്തിൽ നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) നോഡൽ ഓഫിസറുടെ ഇടപെടൽ അന്വേഷിക്കാൻ നീക്കം. നോഡൽ ഓഫിസറുടെ ഇടപെടലിൽ ആരോഗ്യ വകുപ്പ് ദുരൂഹത സംശയിക്കുന്നു. നാറ്റ്കോ കമ്പനിയുടെ ജനറിക് മരുന്നു വാങ്ങാനുള്ള നീക്കത്തിൽ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. തുടർന്നാണ് അന്വേഷണത്തിനുള്ള നീക്കം. ഇതുസംബന്ധിച്ച രേഖകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു തുടങ്ങി.

എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിക്കപ്പെട്ട നോഡൽ ഓഫിസറെ ഈയിടെ ചൈൽഡ് ഹെൽത്തിൽനിന്ന് മാറ്റിയിരുന്നു. വീണാ ജോർജ് ആരോഗ്യ മന്ത്രിയായിരിക്കെ നിയമിച്ച സമിതിയിലെ വിദഗ്ധരാണ് ചർച്ച തുടങ്ങിയതും മരുന്നു വാങ്ങാൻ അനുമതി നൽകിയതും. ഇതേ വിദഗ്ധർ ഇപ്പോഴും സമിതി അംഗങ്ങളാണ്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നിയമിച്ച നോഡൽ ഓഫിസർ ഒപ്പിട്ട കത്തിന്‍റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സർക്കാർ മരുന്നു വാങ്ങാൻ കരാറുണ്ടാക്കിയത്. മേയ് എട്ടിനായിരുന്നു വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന സമിതി നാറ്റ്കോ മരുന്ന് ശിപാർശ ചെയ്തത്. സംസ്ഥാന മിഷൻ ഡയറക്ടർ യു.ഡി.എഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ കത്ത് നൽകുകയായിരുന്നു.

നാറ്റ്കോയുടെ മരുന്നിന് ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറൽ വിപണനാനുമതി നൽകിയിട്ടുണ്ട്. ഇത് ജനറിക് മരുന്നായതിനാൽ സുരക്ഷ, ഫലപ്രാപ്‌തി എന്നിവ സംബന്ധിച്ച പഠനങ്ങളുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലഖ്നോ സഞ്ജയ് ഗാന്ധി പോസ്റ്റ‌് ഗ്രാജേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പോലുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാരും ഈ മരുന്ന് ഫലപ്രദമാണെന്ന് പറഞ്ഞിട്ടുണ്ട്.

വിജിലൻസ് അന്വേഷിക്കും -മന്ത്രി

ടോറസ് കമ്പനിയില്‍നിന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ മരുന്ന് വാങ്ങിയത് സംബന്ധിച്ച് സമഗ്ര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ഒരു കമ്പനിയില്‍നിന്ന് മാത്രം ആവര്‍ത്തിച്ച് മരുന്ന് വാങ്ങിക്കൂട്ടിയതാണ് സംശയങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബിനാമി ഇടപാടുകള്‍ക്ക് പുറമെ നേരിട്ടും ഈ കമ്പനിയില്‍നിന്ന് മരുന്ന് വാങ്ങിയെന്ന് മന്ത്രി പറഞ്ഞു.

എസ്.എം.എ വിവാദത്തില്‍, കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍തന്നെ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ട്. രക്ഷിതാക്കളാരും ഇതുവരെ തന്നോട് നേരിട്ട് പരാതി പറഞ്ഞിട്ടില്ല.

ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകും -മുഖ്യമന്ത്രി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതോടെ മരുന്ന് വില ആറ് ലക്ഷത്തില്‍ നിന്ന് 15,000 രൂപയായി കുറഞ്ഞുവെന്നും ഗുണനിലവാരത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Kerala SMA Treatment Controversy: Investigation Ordered into NHM Official's Actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.