കേരള സർവകലാശാല അസി. നിയമനം; 18 വർഷത്തിനുശേഷം കുറ്റപത്രം കോടതിയിലേക്ക്
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസിൽ 18 വർഷത്തിനുശേഷം കുറ്റപത്രം കോടതിയിലെത്തുന്നു. 2008ൽ നടന്ന ക്രമക്കേട് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിൽനിന്ന് കുറ്റപത്രത്തിന് അംഗീകാരം തേടി. എ.ഡി.ജി.പി ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച് അംഗീകാരം നൽകുന്നതോടെ മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർക്കെതിരായ കുറ്റപത്രം കോടതിയിലെത്തും.
മുൻവർഷങ്ങളിൽ രാഷ്ട്രീയ ഇടപെടലിലൂടെ എഴുതിത്തള്ളാൻ ശ്രമിച്ച കേസാണ് ഒടുവിൽ കോടതിയിൽ എത്തുന്നത്. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, നാല് സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ ഉൾപ്പെടെ ഏഴുപേരെ പ്രോസിക്യൂട്ട് ചെയ്യും.
പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയതെന്നാണ് വിവരം. 33,933 പേരാണ് പരീക്ഷ എഴുതിയത്. ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം അഭിമുഖം നടത്തി സി.പി.എം അനുഭാവികളെയും ഉന്നതരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്. തട്ടിപ്പിന് ഉത്തരവാദികളായവരെ കണ്ടെത്താനായില്ലെന്നും ഉത്തരക്കടലാസുകൾ കാണാതായതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ കേസ് എഴുതിത്തള്ളണമെന്നും മുൻ സർക്കാറിന്റെ കാലത്തെ നിയമോപദേശപ്രകാരം ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരീക്ഷ തട്ടിപ്പിന് ഉത്തരവാദികളെ കണ്ടെത്താൻ പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പുനരന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവിയുടെ പരിഗണനയിലുള്ളത്.
കേരള സർവകലാശാല മുൻ വി.സി ഡോ. എം.കെ. രാമചന്ദ്രൻ നായർ, മുൻ പി.വി.സി ഡോ. വി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് വിജിലൻസിന്റെ റിപ്പോർട്ട്. സി.പി.എം നേതാവായിരുന്ന ബി.എസ്. രാജീവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. അസിസ്റ്റന്റ് നിയമന റാങ്ക് പട്ടികയിലുൾപ്പെട്ട 160 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. ഒരു വീട്ടിൽനിന്ന് രണ്ടുപേർക്കുവീതം ജോലി ലഭിച്ച സംഭവവുമുണ്ടായി. ഇതാണ് റാങ്ക് പട്ടികയിൽ തുടക്കത്തിലേ സംശയമുണ്ടാക്കിയത്. പിന്നീട് ഉത്തരക്കടലാസ് കണ്ടെത്താനാകാത്തതുമെല്ലാം പരീക്ഷയിലെ ക്രമക്കേട് സംശയം വർധിപ്പിച്ചു.
വിചിത്ര റാങ്ക് പട്ടിക
നൂറ് മാർക്കിൽ നടത്തിയ എഴുത്തുപരീക്ഷയുടെ മാർക്ക് 75ലേക്ക് ക്രമീകരിച്ചശേഷം, അഭിമുഖത്തിന് 25 മാർക്ക് ഏർപ്പെടുത്തിയ വിചിത്ര നടപടിയിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കിയത്. മറ്റു പരീക്ഷകളിൽനിന്ന് വ്യത്യസ്തമായി ഈ പരീക്ഷയിൽ ആദ്യം അഭിമുഖമാണ് നടത്തിയത്. റാങ്കിൽ പിന്നിൽ നിന്നവർക്ക് 20ന് മുകളിൽ മാർക്ക് നൽകി മുന്നിലെത്തിക്കുകയും ചെയ്തു. ഉത്തരക്കടലാസ് നശിപ്പിച്ചെന്നും പരീക്ഷയെഴുതാത്തവർ പോലും പട്ടികയിൽ ഇടംപിടിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 1,401 പേരുടെ റാങ്ക് പട്ടികയിൽനിന്ന് 181 പേർക്കാണ് നിയമനം നൽകിയത്. കേസായതോടെ ചിലർ ജോലി വിട്ടു. മറ്റു ചിലർ ഇതിനകം വിരമിച്ചു. 130ഓളം പേരാണ് നിലവിൽ സർവിസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.