ജില്ല സെന്ററില്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല: നടപടി പരിശോധിക്കണം; സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ

കണ്ണൂര്‍: തനിക്കെതിരെ സ്വീകരിച്ച പാര്‍ട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കത്ത് ലഭിച്ചതായി ജനറൽ സെക്രട്ടറി എം.എ. ബേബിയും കണ്ണൂര്‍ ജില്ല നേതൃത്വവും സ്ഥിരീകരിച്ചു. ദിവ്യയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഘടകമാണെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

വര്‍ഗ-ബഹുജന സംഘടനകളില്‍നിന്ന് തന്നെ ഒഴിവാക്കിയത് എന്തിനാണെന്നും രണ്ടുവര്‍ഷമായിട്ടും എന്തുകൊണ്ട് നീതി ലഭിച്ചില്ലെന്നും ദിവ്യ കത്തിലൂടെ ചോദിക്കുന്നു. ജില്ല സെന്ററില്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും മഹിള അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍നിന്ന് നീക്കിയത് പ്രതികാരമാണെന്നും ആരോപണമുണ്ട്.

സംസ്ഥാന ജോ. സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ല സെന്ററില്‍നിന്നും മാറ്റിയത് ജില്ല നേതൃത്വം പോലും അറിയാതെയാണെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. മഹിള അസോസിയേഷന്‍ നേതാവ് പി.കെ. ശ്യാമളക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ചില നേതാക്കള്‍ തടസ്സപ്പെടുത്തുന്നു എന്നാണ് മറ്റൊരു പ്രധാന ആരോപണം.

കേസുകളുടെ പേരിലാണ് തടയുന്നതെന്നും പലര്‍ക്കും കേസുകളുണ്ടെങ്കിലും തന്നോട് മാത്രം വിവേചനം കാട്ടുന്നുവെന്നും ദിവ്യ ചൂണ്ടിക്കാട്ടുന്നു. വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷ നടക്കാതെ പോയതോടെയാണ് ദിവ്യ കേന്ദ്രത്തെ സമീപിച്ചത്. വിപുലീകൃത ഏരിയ കമ്മിറ്റി യോഗങ്ങള്‍ അടുത്തയാഴ്ച തുടങ്ങും. അതേസമയം, ചില നേതാക്കള്‍ ദിവ്യയുമായി സംസാരിച്ച് കടുത്ത തീരുമാനങ്ങളെടുക്കരുതെന്നും പ്രശ്നം പരിഹരിക്കാമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.

ജില്ല കമ്മിറ്റിയിലെ രണ്ടു ഒഴിവുകളില്‍ ഒന്നില്‍ ദിവ്യയെ ഉള്‍പ്പെടുത്തണമെന്ന് വിശാല ജില്ല കമ്മറ്റിയില്‍ പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ എതിര്‍പ്പാണ് തടസ്സമായതെന്നാണ് അറിയുന്നത്. കേസില്‍ തീരുമാനമായ ശേഷം, നിരപരാധിയെന്നു കണ്ടാല്‍ തിരിച്ചെടുക്കാമെന്ന നിലപാടാണ് ഗോവിന്ദന്റേത്.

ദിവ്യയെ നിലനിര്‍ത്താന്‍ സംവിധാനം വേണമെന്ന അഭിപ്രായമാണ് ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനുള്ളത്. അതേസമയം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റിയിലോ മഹിള അസോസിയേഷനിലോ ചുമതല നല്‍കാമെന്ന നിര്‍ദേശങ്ങളോട് ദിവ്യ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും വിവരമുണ്ട്.

Tags:    
News Summary - "Not Allowed to Work in District Centre": P.P. Divya Appeals to CPM Central Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.