ചാരുംമൂട്ടിൽ ഭാര്യമാതാവിനെ യുവാവ് കുത്തിക്കൊന്നു
ചാരുംമൂട്: ഭാര്യമാതാവിനെ യുവാവ് കുത്തിക്കൊന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്‍റെ ഭാര്യ ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഇവരുടെ ഇളയ മകൾ അർച്ചനയുടെ ഭർത്താവ് ആലപ്പുഴ പഴവീട് എട്ടിൽചിറ വീട്ടിൽ ജോജി ജോസഫ് (30) ആണ് പ്രതി. സംഭവശേഷം ഒളിവിൽപോയ പ്രതിയെ ഉച്ചക്ക് രണ്ടരയോടെ ചേർത്തല എസ്.എൻ കോളജിന് സമീപത്ത് നിന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ നാലോടെ ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരനായ അർച്ചനയുടെ പിതാവ് ജയകുമാർ ഡ്യൂട്ടിക്കായി പുറപ്പെട്ട ശേഷമാണ് ജോജി വീട്ടിലെത്തി ആക്രമണം നടത്തിയത്. അടുക്കള വാതിലിൽ തട്ടിവിളിച്ച് കുഞ്ഞിനെ കാണണമെന്നു പറഞ്ഞ് ബഹളം വച്ചു. വാതിൽ തുറക്കുംമുമ്പ് തന്നെ തള്ളിതുറന്ന് ഇയാൾ അകത്തുകയറി.
കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ജയകുമാരിയെ കുത്തുകയായിരുന്നു. കുത്തേറ്റ് രക്തം വാർന്ന ജയകുമാരിയും ഒപ്പം അർച്ചനയും അയൽ വീട്ടിലേക്ക് ഓടി സഹായം തേടി. ഇതിനിടെ ജയകുമാരി ബോധമറ്റ് വീണു. നൂറനാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.
മൂന്ന് വർഷം മുമ്പ് പ്രണയ വിവാഹിതരായ അർച്ചനയും ജിജോയും തമ്മിൽ പിന്നീട് പ്രശ്നങ്ങളുണ്ടായി. അർച്ചനയെ ഉപദ്രവിക്കുമായിരുന്നുവെന്നും പറയുന്നു. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് അർച്ചന രക്ഷിതാക്കൾക്കൊപ്പം താമസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.