വയനാട്ടിൽ കോർപ്പസ് ഫണ്ട്: വിനിയോഗത്തിൽ ക്രമക്കേടുകളെന്ന് എ.ജി

കൊച്ചി: വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിന് അനുവദിച്ച് കോർപ്പസ് ഫണ്ടിന്‍റെ വിനിയോഗത്തിൽ ക്രമക്കേടെന്ന് എ.ജി. (അക്കൗണ്ടൻറ് ജനറൽ) റിപ്പോർട്ട്. വികസന പ്രവർത്തനത്തിനായി ഫണ്ട് മുൻകൂറായി കൈമാറിയെങ്കിലും സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഏതാണ്ട് 6.43 കോടി രൂപയുടെ പ്രവർത്തനങ്ങൾ പാതിവഴിയിലായത്.

കോർപ്പസ് ഫണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കാണ് കൈമാറിയത്. പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള അഡ്വാൻസും നൽകി. എന്നാൽ, പദ്ധതികൾ വിവിധ ഏജൻസികൾക്ക് കരാർ നൽകിയെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇതിലൂടെ ആദിവാസികളായ ഗുണഭോക്താക്കൾക്ക് ഉദ്ദേശിച്ച ആനുകൂല്യം നഷ്ടമായി. 2010-11 മുതൽ 2018-19 വരെയുള്ള കാലത്ത് ഏതാണ്ട് 92 പദ്ധതികളാണ് പൂർത്തിയാക്കാതെ കിടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വിവിധ ഏജൻസികളെ നിർമാണം ഏൽപ്പിച്ചെങ്കിലും മുന്നോട്ട് പോയില്ല. ഉദാഹരണമായി 2018-19 ൽ സുൽത്താൻ ബത്തേരിയിലെ അലംതട്ട കോളനിയിലെ 2.90 ലക്ഷരൂപയുടെ കുടിവെള്ള പദ്ധതിയും മൂട്ടിൽ പഞ്ചായത്തിലെ രണ്ട് ലക്ഷം രൂപയുടെ പുഷ്കരൻകാണി വാട്ടർ പദ്ധതിയും പൂർത്തീകരിച്ചിട്ടില്ല.

2017-18 ലെ മുപ്പൈനാട് പഞ്ചായത്തിലെ 15.50 ലക്ഷം രൂപയുടെ റിപ്പൻ മൂപ്പൻകുണ്ട് കോളിനി റോഡ് നിർമാണം, 40.50 ലക്ഷം രൂപയുടെ മൂപ്പൈനാട് കൈരളി കോളനി റോഡ് ടാറിങ്, 10 ലക്ഷം രൂപയുടെ നല്ലനൂർ കോളനിയിലെ റോഡ് ടാറിങ്, 15 ലക്ഷം രൂപയുടെ വൈത്തിരി പ്രിയദർശിനി കോളനി റോഡ് ടാറിങ്, 4.50 ലക്ഷം രൂപയുടെ കല്ലൻചിറ ആവുവായിൽ കോളനിയിലെ കുടിവെള്ള പൈപ്പ് ലൈൻ നീട്ടൽ, 19.27 ലക്ഷം രൂപയുടെ പൊഴുതന പഞ്ചായത്തിലെ ആദിമൂല പുത്തൻപുരം കോളനി റോഡ് ടാറിങ്, 14.95 ലക്ഷത്തിന്‍റെ പടിഞ്ഞാറെത്തറ പഞ്ചായത്തിലെ വെങ്കലേരിക്കുന്ന് കുടിവെള്ള പദ്ധതി എന്നിവയെല്ലാം പാതിവഴിയിലാണ്.

ആദിവാസികളുടെ ജീവിത വികാസത്തിനാണ് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള കിണർ നിർമ്മാണം, മതിൽ നിർമാണം, ഫുട്പാത്ത് കോൺക്രീറ്റിങ്, റോഡ് നിർമ്മാണം തുടങ്ങിയവ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തിയത്. ഈ പദ്ധതികൾ നടപ്പാക്കുന്നതിനായി 6.45കോടി രൂപയുടെ ഫണ്ട് വിവിധ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർ മുൻകൂറായി കൈമാറി. പണത്തിന്‍റെ കുറവ് കാരണം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങരുതെന്നായിരുന്നു പട്ടികവർഗ വകുപ്പിന്‍റെ നിർദേശം. എന്നാൽ നിർമാണ പുരോഗതി അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥർ 2011-12 കാലം മുതലുള്ള പദ്ധതികൾ പാതിവഴിയിൽ ആയത് കണ്ടെത്തി. കോർപ്പസ് ഫണ്ട് അനുവദിക്കുന്നതിന്റെ ഗുണഫലം ആദിവാസികൾക്ക് ലഭിക്കുന്നില്ല.

പട്ടികവർ പ്രോജക്ട് ഓഫീസ് തലത്തിൽ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷക്കുന്നതിലും വിലയിരുത്തുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. പ്രവൃത്തികൾ നടപ്പിലാക്കൽ, പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം, ആദിവാസികളുടെ ആവശ്യവും ക്ഷേമവും എന്നിവ പരിഗണിന്നതിൽ നിസംഗതയാണ് പട്ടികവർഗവകുപ്പ് കാണിക്കുന്നത്. ആദിവാസികളുടെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ അനാസ്ഥ കാണിക്കുന്നതിൽ പട്ടികവർഗവകുപ്പ് മുന്നിലാണ്. വീഴ്ചവരുത്തിയ ഏജൻസികൾ അവർക്ക് ലഭിച്ച് തുക സർക്കാർ ഉത്തരവ് പ്രകാരം 18 ശതമാനം പലിശ സഹിതം തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

പട്ടികവർഗ ഓഫിസിൽ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള രജിസ്റ്ററുകൾ സൂക്ഷിച്ചിട്ടില്ല. അതിനാൽ മുൻ വർഷങ്ങളിൽ അനുവദിച്ച പദ്ധതികളുടെ പുരോഗതി ഈ ഓഫിസുകളിൽ നിന്ന് കണ്ടെത്തുക അസാധ്യമാണ്. 2019-2020ൽ 2,35,47,081 രൂപ അനുവദിച്ചപ്പോൾ പദ്ധതി പൂർത്തിയാക്കാതെ 53,55,696 തിരിച്ചടച്ചുവെന്നാണ് രേഖകൾ. ആദിവാസികളുടെ വികസനത്തിന് വേഗത വേണ്ടയെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കോൺട്രാക്ട്ർ- ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതെന്നാണ് ആദിവാസികളുടെ അഭിപ്രായം.

Tags:    
News Summary - Wayanad Corpus Fund: AG alleges irregularities in utilization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.