ഇടുക്കി ഡാമിൽ ജലനിരപ്പ് 50 ശതമാനം കടന്നു

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 50.96 ശതമാനമായി ഉയർന്നു. ജൂലൈ ആദ്യ ആഴ്ചയിൽ പെയ്ത ശക്തമായ മഴയിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. ജൂലൈ ഒന്ന് മുതൽ തിങ്കളാഴ്ച വരെ മാത്രം ജലനിരപ്പിൽ 15.28 അടിയുടെ വർധനവാണ്​ ഉണ്ടായത്​.

ഏതാനും ദിവസങ്ങളായി ഡാമിന്‍റെ വ്യഷ്ടി പ്രദേശത്ത് ശക്​തമായ മഴയാണ് ലഭിക്കുന്നത്. ഞായറാഴ്ച ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് 94.8 മില്ലീമീറ്റർ മഴ ലഭിച്ചു. ഈ വർഷകാലത്ത് ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. ഈ മാസം ഇതുവരെ 323.811 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമിൽ ഒഴുകിയെത്തി. 2356.02 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഇത് സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരമാണ്.

മഴ ശക്തിയാർജിച്ചെങ്കിലും വർഷകാലത്തിൽ ലഭിക്കേണ്ടത്ര മഴ ഇത്തവണ ലഭിച്ചിട്ടില്ല. ജൂൺ ഒന്ന് മുതൽ ഞായറാഴ്ച വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടിയിരുന്നത് 986 മില്ലീമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചത് 582.4 മില്ലീമീറ്റർ മാത്രമാണ്. ഇത് സാധാരണയേക്കാൾ 41 ശതമാനം കുറവാണ്. തൊടുപുഴയിൽ 54.2 മില്ലിമീറ്റർ, പീരുമേട് 65, മൂന്നാർ 97.2, മൈലാടുംപാറ 55.5 എന്നിങ്ങനെയാണ് ഞായറാഴ്ച പെയ്തത്​.

ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് ഞായറാഴ്ച മൂലമറ്റം നിലയത്തിൽ 2.716 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ട്. ഞായറാഴ്ച സംസ്ഥാനത്തെ മൊത്ത ഉപഭോഗം 59.94 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 36.88 ദശലക്ഷം യൂനിറ്റ്​ പുറത്തുനിന്ന് വാങ്ങിയപ്പോൾ 23.06 ദശലക്ഷം യൂനിറ്റ്​ ആഭ്യന്തരമായി ഉൽപാദിപ്പിച്ചു.

Tags:    
News Summary - water level in Idukki dam has crossed 50 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.