തിരുവനന്തപുരം: പുറത്തുനിന്ന് പരമാവധി വൈദ്യുതി വാങ്ങി അണക്കെട്ടുകളിലെ ശേഷിക്കുന്ന വെള്ളം വേനല്‍ക്കാലത്തേക്ക് കരുതും. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള പരീക്ഷാക്കാലത്തെ ആവശ്യം നിറവേറ്റാന്‍ 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാനും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. നിലവിലെ ലൈന്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തിയാകും വൈദ്യുതി കൊണ്ടുവരുക.
സമീപകാലത്തെ ഏറ്റവും കുറഞ്ഞ നീരൊഴുക്കാണ് ഇക്കൊല്ലത്തേത്. 3064.09 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇടവപ്പാതിയിലും തുലാവര്‍ഷത്തിലുമായി ലഭിച്ചത്. 2007ല്‍ ഈ സമയത്ത് 8610 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കിട്ടിയിരുന്നു. സമീപകാലത്ത് ഏറ്റവും മഴ കുറഞ്ഞ 2012ല്‍ പോലും 3363 ദശലക്ഷം യൂനിറ്റിനുള്ള മഴ ലഭിച്ചിരുന്നു.
ആകെ കിട്ടിയ 3064 ദശലക്ഷം യൂനിറ്റിനുള്ള വെള്ളത്തില്‍ 2090.84 ഉം വൈദ്യുതി ഉല്‍പാദിപ്പിക്കാതെ സംഭരണികളില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. രൂക്ഷമായ വേനലില്‍ കുടിവെള്ളത്തിന് കൂടി ഇതു പ്രയോജനപ്പെടുത്താനാണ് ഉദ്ദേശ്യം. ആ ഘട്ടത്തില്‍ വൈദ്യുതി ഉല്‍പാദനം നടക്കുമ്പോള്‍ പ്രധാന നദികളിലെല്ലാം വെള്ളം ലഭിക്കും. ശബരിഗിരി പദ്ധതിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം ശബരിമല തീര്‍ഥാടനത്തിനു കൂടി ഗുണപ്പെടുന്ന വിധമായിരിക്കും.
പെരിയാര്‍, പമ്പ, കുറ്റ്യാടി, ചാലക്കുടിപ്പുഴ എന്നിവയിലൊക്കെ വേനല്‍ക്കാലത്ത് കുറെയെങ്കിലും വെള്ളം ലഭ്യമാക്കാനാകും. വെള്ളിയാഴ്ച സംസ്ഥാനം 67.24 ദശലക്ഷം യൂനിറ്റ് വൈദ്യുതി കേരളം ഉപയോഗിച്ചപ്പോള്‍ ഇതില്‍ 59.99 ഉം പുറത്തുനിന്ന് എത്തിച്ചതാണ്. വെറും 7.25 ദശലക്ഷം യൂനിറ്റ് മാത്രമാണ് സംസ്ഥാനത്തെ ഉല്‍പാദനം. അതില്‍തന്നെ 6.86 ദശലക്ഷം യൂനിറ്റ് മാത്രമാണ് ജല വൈദ്യുതി.
ഇപ്പോള്‍ ഹ്രസ്വകാലത്തേക്ക് കുറഞ്ഞ വിലയില്‍ പുറത്തുനിന്ന് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. ലൈന്‍ ശേഷി മെച്ചപ്പെട്ടതും ഇതു കൊണ്ടുവരാന്‍ സഹായകരമായി. യൂനിറ്റിന് ശരാശരി മൂന്നു രൂപക്ക് വരെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് അത് ഏഴു രൂപ വരെ വര്‍ധിച്ചേക്കാം. പുറത്തുനിന്ന് വൈദ്യുതി ഇത്രത്തോളം എത്തിക്കാനായിരുന്നില്ളെങ്കില്‍ ഇതിനകം ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമായിരുന്നു.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ 42 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. താപവൈദ്യുതി കൂടുതലായി വാങ്ങേണ്ടി വരുന്നത് ഭാവിയില്‍ സര്‍ചാര്‍ജ് ഉള്‍പ്പെടെ ബാധ്യതകളും വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.